ചേലക്കര: കനത്ത മഴയെ തുടർന്ന് മഴവെള്ളവും മലമ്പുഴ ഡാം തുറന്നു വിട്ട വെള്ളവും ഒന്നിച്ചെത്തിയതോടെ, വാഴാലിപ്പാടം മാന്നന്നൂർ ഉരുക്കു തടയണയുടെ നിർമ്മാണ പ്രവർത്തനം താത്കാലികമായി നിറുത്തി. 2015ൽ ഭാരത പുഴയ്ക്ക് കുറുകെ നിർമ്മിച്ച ഉരുക്ക് തടയണയുടെ ഒരു വശം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. ഈ തകർന്ന ഭാഗമാണ് ഇപ്പോൾ പകലും രാത്രിയിലുമായി യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ചിരുന്നത്. മേയ് അവസാനത്തോടെ പണിപൂർത്തിയാക്കുമെന്ന് കരാർ വിഭാഗം അറിയിച്ചിരുന്നു. എന്നാൽ പുഴയിൽ വെള്ളത്തിന്റെ തോത് ക്രമാതീതമായി വർദ്ധിച്ചു. തടയണയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന സിമന്റ് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ മഴയെ തുടർന്ന് നശിച്ചു. പുഴയുടെ അതിർത്തി തിരിച്ച് 350 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ പണിയും പുരോഗമിക്കുന്നതിനിടയാണ് ആശങ്ക സൃഷ്ടിച്ച് നിർമ്മാണ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്‌ക്കേണ്ടി വന്നത്. തടയണ നിർമ്മിച്ച ശേഷം അഞ്ചുകിലോമീറ്ററോളം ദൈർഘ്യത്തിൽ ജലനിരപ്പ് നിന്നിരുന്നു. ഇതിനാൽ വേനൽക്കാലത്തടക്കം ജലവിഭവ വകുപ്പിന് പമ്പിംഗിന് തടസമുണ്ടായില്ല. എന്നാൽ തടയണ തകർന്നതിന് ശേഷം പുഴയിൽ വരൾച്ചയായിരുന്നു. ഈ വർഷവും പല പമ്പുകളിലും വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടായി. കാലാവസ്ഥ അനുകൂലമായി എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനിയും നാട്ടുകാരും.
2015 ൽ ഉരുക്ക് തടയണ നിർമ്മിച്ചു
ഒരു കി.മി നീളവും രണ്ടര മീറ്റർ ഉയരവും
ചെലവ് 14. 63 കോടി
2018 ൽ 75 മീറ്റർ വീതിയിൽ തടയണ ഭിത്തി തകർന്നു
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി
പുനർനിർമ്മാണച്ചെലവ് 10 കോടി
10 അടി ഉയരത്തിൽ സംരക്ഷണഭിത്തി
350 മീറ്റർ നീളം
ഓവർഫ്‌ളോ തുടർന്ന് ഷട്ടർ നിർമ്മിക്കും.