കൊടുങ്ങല്ലൂർ: ജൈവ വൈവിദ്ധ്യ ദിനാചരണത്തിന്റെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി. വെമ്പല്ലൂർ ഐക്കരകാവിൽ സെമിനാറും കാവ്പഠന കാമ്പയിനും അപൂർവ സസ്യങ്ങളുടെ തൈകളുടെ നടീലും നടന്നു. ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റുമായ എം.എസ്. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. കരിമ്പുടാൻ, കമ്പകം, കുളവ് തുടങ്ങിയ അപൂർവ സസ്യങ്ങളുടെ സംരക്ഷണത്തിനും വിവിധയിനം ഔഷധസസ്യങ്ങളുടെ വ്യാപനത്തിനും ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി നേതൃത്വം നൽകും. പ്രകൃതി, മണ്ണ്, വായു, അപൂർവ സസ്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾ പൊതു സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, തരിശുഭൂമികൾ, സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് നടപ്പാക്കും. എം.ഇ.എസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ. എ. ബിജു, കാവ് സ്ഥല ഉടമ വിജയൻ മേനോൻ എന്നിവരെ ആദരിച്ചു. ബി.എം.സി ജില്ലാ കോ-ഓർഡിനേറ്റർ ഫെബിൻ ഫ്രാൻസിസ്, ഡോ. അമിതാബച്ചൻ എന്നിവർ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, കെ.എ. അയൂബ്, സി.സി. ജയ, പി.എ. നൗഷാദ്, അബ്ദുള്ള ബാബു, കെ.ആർ. രാജേഷ്, ജിബിമോൾ, രേഷ്മ വിപിൻ, ഇബ്രാഹിംകുട്ടി, പ്രസന്ന, ടി.എസ്. ശീതൾ, മിനി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.