വടക്കാഞ്ചേരി: അന്വേഷണ വിധേയമായി റിമാൻഡിൽ കഴിയുന്ന കൗൺസിലറെ അയോഗ്യനാക്കാത്തതിനെച്ചൊല്ലി
നഗരസഭാ യോഗത്തിൽ ഭരണ- പ്രതിപക്ഷ വാക്കേറ്റം. വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വടക്കാഞ്ചേരി നഗരസഭയിൽ വിളിച്ചു ചേർത്ത കൗൺസിലർമാരുടെ യോഗത്തിലാണ് വാക്കേറ്റം. റിമാൻഡിൽ കഴിയുന്ന കൗൺസിലറെ അയോഗ്യനാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്നു മാസക്കാലം മാത്രമാണ് കൗൺസിലർക്ക് ലീവ് അനുവദിക്കാൻ ചട്ടമുള്ളൂ. എന്നാൽ മാസങ്ങളായി കൗൺസിലർ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ കൗൺസിലറെ അയോഗ്യനാക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാരായ കെ.അജിത് കുമാർ, എസ്.എ.എ. ആസാദ് എന്നിവർ ആവശ്യപ്പട്ടു. എന്നാൽ കൗൺസിലർക്ക് നിയമപ്രകാരം ആറു മാസത്തെ അവധി അനുവദിച്ചിട്ടുള്ളതായി നഗരസഭ കൗൺസിലർ പി.എൻ. സുരേന്ദ്രൻ പറഞ്ഞു. ആരോപണ വിധേയനായ കൗൺസിലർ പി.ആർ.അരവിന്ദാക്ഷൻ റിമാൻഡ് പ്രതിയാണ്. ഇയാൾക്കെതിരെ കുറ്റം ചെയ്തതായി തെളിവുകളില്ല. കൗൺസിലർ കൂടുതൽ അവധി ആവശ്യപ്പെട്ടാൽ നൽകാനുള്ള നിയമം നഗരസഭ ചട്ടത്തിലുണ്ടെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ഇതേ ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഏറേ നേരം വാക്കേറ്റമുണ്ടായി. ഒടുവിൽ കൗൺസിൽ യോഗം പിരിഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി തീരുമാനങ്ങൾ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി തീരുമാനങ്ങൾ, ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി തീരുമാനങ്ങൾ, മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി തീരുമാനങ്ങൾ, വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി തീരുമാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്ത് പാസാക്കി.