കുന്നംകുളം: നഗര പരിധിയിലെ അപകടാവസ്ഥയിലായ 20 പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. കുന്നംകുളം നഗരസഭാ കൗൺസിൽ യോഗത്തിലാണ് തിരുമാനം. കാറ്റും മഴയും ശക്തമായതോടെ നഗരവാസികളുടെ ജീവന് ഭീഷണിയായ കെട്ടിടങ്ങളാണ് പൊളിക്കുന്നത്.

പട്ടാമ്പി റോഡിലെ അപകടാവസ്ഥയിലായ പഴയ സ്വകാര്യ കെട്ടിടത്തിന്റെ സൺ ഷെയ്ഡ്ഭാഗം കഴിഞ്ഞ രാത്രി തകർന്നുവീണിരുന്നു. ഈ കെട്ടിടം ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന പ്രധാന റോഡരികിലാണ് വർഷങ്ങളായി അപകടാവസ്ഥയിലായ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
കെട്ടിടത്തിനുള്ളിൽ നിന്ന് മരം വളർന്ന് പന്തലിച്ച അവസ്ഥയിലാണ്. ഇത്തരത്തിലുള്ള 20 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. അപകടാവസ്ഥയിലായ കെട്ടിടങ്ങൾക്ക് പൊളിച്ചു മാറ്റുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ സീത രവീന്ദ്രൻ പറഞ്ഞു. പല കെട്ടിടങ്ങളുടെയും ഉടമകളും വാടകക്കാരും കെട്ടിടത്തിന്റെ അവകാശികൾ തമ്മിലും കേസുകൾ നിലനിൽക്കുന്നുണ്ട്. കേസുകളുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ നിയമപരമായ നിരവധി തടസങ്ങളുണ്ട്.

2005ലെ ദുരിത നിവാരണ നിയമപ്രകാരം കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.ബി.വിശ്വനാഥൻ അറിയിച്ചു. നോട്ടീസ് നൽകിയ കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചു മാറ്റാൻ തയ്യാറായില്ലെങ്കിൽ കെട്ടിടങ്ങളുടെ ലൈസൻസ് ആദ്യഘട്ടത്തിൽ റദ്ദാക്കും. തുടർന്ന് കെ.എസ്.ഇ.ബി ബന്ധം വിച്ചേദിക്കാനുള്ള നോട്ടീസ് നൽകും. തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി കെ.ബി. വിശ്വനാഥൻ അറിയിച്ചു. കുന്നംകുളം ഗവ. ഗേൾസ് ഹൈസ്‌കൂളിന് വാട്ടർ അതോറിറ്റിയിൽ നിന്ന് കുടിവെള്ളം ലഭ്യമാക്കാൻ ആവശ്യമായ ഫണ്ട് അടയ്ക്കുന്നതിനുള്ള സാങ്കേതിക തടസം നീക്കുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ഗേൾസ് ഹൈസ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിൽ ചെയർപേഴ്‌സൺ അനാസ്ഥ കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനവാസ മേഖലയിലെ കാട്ടുപന്നി ശല്യം തടയാൻ നടപടിയെടുക്കണമെന്നും കൗൺസിൽമാരുടെ കത്തിന് ഉദ്യോഗസ്ഥർ മറുപടി നൽകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടത്തി. തെക്കെപ്പുറം മേഖലയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നീരക്ഷണ കാമറകൾ സ്ഥാപിച്ച് കുറ്റവാളികളെ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. നഗരസഭ പരിധിയിലെ എസ.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ആദരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. കെ.കെ.മുരളി, ടി.സോമശേഖരൻ, ബിജു സി.ബേബി, കെ ബി.ഷെബീർ, ബീന രവി, മിനിമോൺസി, സോഫിയ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.


ജീവന് ഭീഷണിയായി കെട്ടിടങ്ങൾ

പൊളിച്ചു മാറ്റുന്നത് 20 പഴയ കെട്ടിടങ്ങൾ
കെട്ടിടങ്ങൾ നിലംപൊത്താവുന്ന അവസ്ഥയിൽ
നോട്ടീസ് നൽകി
പൊളിച്ചു മാറ്റിയില്ലെങ്കിൽ കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കും
കെ.എസ്.ഇ.ബി ബന്ധം വിഛേദിക്കും