കൊടുങ്ങല്ലൂർ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ എറിയാട് പഞ്ചായത്ത് വിഭജിച്ച് എറിയാട്, അഴീക്കോട് എന്നീ രണ്ട് പഞ്ചായത്തുകൾ രൂപീകരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് എറിയാട് പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. അമ്പതിനായിരത്തിന് അടുത്ത് ജനസംഖ്യ ഇപ്പോൾ തന്നെ എറിയാട് പഞ്ചായത്തിലുണ്ട്. 23 വാർഡുകളിൽ ഭൂരിപക്ഷം വാർഡുകളിലും 2000 ൽ അധികമാണ് വോട്ടർമാരുടെ എണ്ണം. ആയിരം വോട്ടർക്ക് ഒരു വാർഡ് എന്നതാണ് പഞ്ചായത്തീരാജ് നിയമം പറയുന്നത്. തീരദേശത്തിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടി പഞ്ചായത്ത് വിഭജനത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു. പി.കെ. മുഹമ്മദ്, കെ.എം. സാദത്ത്, കെ.എസ്. രാജീവൻ, പി.എച്ച്. നാസർ, ലൈല സേവ്യർ, നജ്മ അബ്ദുൾകരീം എന്നിവർ പ്രസംഗിച്ചു.