തൃപ്രയാർ : ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളം ഒഴുക്കി വിടാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിനിടെ തളിക്കുളം ബ്ലോക്ക് പരിധിയിലെ പല പ്രധാന തോടുകളുടെയും ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചാൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലാകാനും ജീവനോപാധികൾ നഷ്ടപ്പെടാനുമുള്ള സാദ്ധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വലിയ തോടുകൾ പൂർവസ്ഥിതിയിലാക്കി വെള്ളം ഒഴുക്കി വിടാനുമുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്ന് ദേശീയപാത അതോറിറ്റിയോടും ശിവാലയ കൺസ്ട്രക്ഷനോടും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രേഖാമൂലം ആവശ്യപ്പെട്ടു.