1

തൃശൂർ: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. 48 മണിക്കൂറിനുള്ളിൽ ഏഴ് വീടുകളാണ് തകർന്നത്. നൂറുകണക്കിന് ഫലവൃക്ഷങ്ങളും നിലംപൊത്തി. തിരുവമ്പാടി ക്ഷേത്രത്തിന് പിറകിൽ മതിൽ തകർന്നു വീണു. ദേശമംഗലത്ത് റോഡ് തകർന്നു. ചേറ്റുപുഴയിൽ വലിയ മാവ് കടപുഴകി റോഡിന് കുറുകെ 11 കെ.വി വൈദ്യുതി ലൈനിലേക്ക് വീണു. തൃശൂരിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനാ എമർജൻസി റെസ്‌ക്യൂ ടീം മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് മരം മുറിച്ച് മാറ്റിയത്. സിനീയർ ഫയർ റെസ്‌ക്യൂ ഓഫീസർ ജ്യോതികുമാർ, സജീഷ്, കെ. ശിവദാസൻ, ബി. ദിനേശ്, ജി. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചെയിൻ സോ ഉപയോഗിച്ച് മരം മുറിച്ചുനീക്കിയത്. കഴിഞ്ഞ ദിവസം രാത്രി പലയിടത്തും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം ഇന്നലെ ഏറെ വൈകിയാണ് പുനഃസ്ഥാപിച്ചത്.