ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്റ്റാൻഡിൽ നിന്നും ബസുകൾ ഒഴിവാക്കുമ്പോൾ നടത്തേണ്ട ബസുകളുടെ ഗതാഗത ക്രമീകരണങ്ങളുടെ ട്രയൽ റൺ 27ന് നടക്കും. ട്രയൽ റൺ ദിവസം ചൊവ്വല്ലൂർപടി വഴി പോവുന്ന ബസുകൾ ഔട്ടർ റിങ് റോഡിലെ നഗരസഭ മൾട്ടി ലെവൽ പാർക്കിങ്ങിൽ നിന്നുമാണ് സർവീസ് തുടങ്ങുന്നത്. ഈ ഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് വരുന്ന ബസുകൾ ഔട്ടർ റിങ് റോഡിൽ തെക്ക് ഭാഗത്തു കൂടി പടിഞ്ഞാറെ നട കൈരളി ജംഗ്ഷൻ വഴി മൾട്ടി ലെവൽ പാർക്കിങ്ങിൽ എത്തും. ചാവക്കാട്, കുന്നംകുളം ഭാഗത്തു നിന്നും ഗുരുവായൂരിലേക്ക് വരുന്ന ബസുകൾ മമ്മിയൂർ കൈരളി ജംഗ്ഷൻ വഴി ഇടത്തോട്ട് തിരിഞ്ഞ് ഔട്ടർ റിങ് റോഡിലേക്ക് പ്രവേശിച്ച് മഞ്ജുലാൽ ജംഗ്ഷൻ വഴി ഔട്ടർ റിങ് റോഡ് ചുറ്റി പടിഞ്ഞാറെ നട വഴി മുതുവട്ടൂർ റോഡിലെ ഗുരുവായൂർ ദേവസ്വം മായ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. ഈ ഭാഗത്തേക്കുള്ള ബസുകൾ ഇവിടെ നിന്നുതന്നെയാണ് സർവീസ് തുടങ്ങുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ ഗുരുവായൂരിൽ നിന്നും സർവീസ് തുടങ്ങുമ്പോൾ കൈരളി ജംഗ്ഷൻ വഴി ഇടത്തോട്ട് തിരിഞ്ഞ് ഔട്ടർ റിങ് റോഡ് ചുറ്റി പോവേണ്ടതാണ്. ഗുരുവായൂരിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഈ റൂട്ടിലൂടെ തന്നെ പോകണം.