കുന്നംകുളം: പട്ടാമ്പി റോഡിൽ അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ മുൻവശം കുന്നംകുളം നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ അപകട ഭീഷണിയായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം നഗരസഭാ കൗൺസിൽ അംഗീകരിച്ചതിന്റെ ഭാഗമായാണ് പൊളിച്ച് മാറ്റൽ നടപടി. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പട്ടാമ്പി റോഡിലെ കെട്ടിടത്തിന്റെ മുൻവശത്തെ സൺഷൈഡ് തകർന്ന് അപകടാവസ്ഥയിലായത്. സൺഷൈഡ് തകർന്നതോടെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഇതിലൂടെ യാത്ര ചെയ്യുന്നത് ദുഷ്‌കരമായിരുന്നു. തുടർന്നും അപകട ഭീഷണിയായ 20 ഓളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം.സുരേഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.സോമശേഖരൻ, കുന്നംകുളം നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പട്ടാമ്പി റോഡിലെ കെട്ടിടത്തിന്റെ മുൻവശം പൊളിച്ചു നീക്കിയത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.എ. വിനോദ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.അൻസാരി,എസ്.രശ്മി സജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.