തൃശൂർ: ഒന്നാം തീയതികളിലെ ഡ്രൈ ഡേ എടുത്തു കളയുന്നതു വഴി സംസ്ഥാനത്തെ പരമ്പരാഗത കള്ള് വ്യവസായം തകരുമെന്ന് ടോഡി ആൻഡ് അബ്കാരി വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. വിദേശമദ്യശാലകളിലും വ്യവസായ ശാലകളിലെ ഹബുകളിലും മറ്റും സുലഭമായി മദ്യം വിൽക്കാനും ഒന്നാം തീയതികളിലെ മദ്യ നിരോധനം പിൻവലിക്കാനുമുള്ള ഇടതുസർക്കാരിന്റെ മദ്യനയം ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലുന്നതാണ്. ഇത് പരമ്പരാഗതമായ കള്ള് വ്യവസായത്തെയും ചെത്തുതൊഴിലാളികളെയും നശിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് എൻ. അഴകേശൻ യോഗം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആറ്റിങ്ങൽ അജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. പ്രകാശൻ, കുരീപ്പുഴ വിജയൻ, പി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.