നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു
കുന്നംകുളം: മണ്ണിടിച്ചിൽ ഭീതിയിൽ കുന്നംകുളം നഗരസഭയിലെ ഉരുളകുന്ന് പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങൾ.
സ്വകാര്യ വ്യക്തിയുടെ ഉയർന്നു നിൽക്കുന്ന സ്ഥലത്തെ മണ്ണ് ഏതുനിമിഷവും താഴ്ന്ന പ്രദേശത്തെ വീടിനു മുകളിലേക്ക് ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലമായാൽ ഈ വീടുകളിലെ പലരും മാറി താമസിക്കാറാണ് പതിവ്.
എന്നാൽ ഈ വർഷം പലർക്കും മാറി താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ കുടുംബങ്ങൾ ജില്ലാ കളക്ടർ,വില്ലേജ് ഓഫീസർ, തഹസിൽദാർ, നഗരസഭാ സെക്രട്ടറി എന്നിവർക്ക് കഴിഞ്ഞവർഷം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണെടുത്തു മാറ്റാൻ വില്ലേജ് അധികൃതർക്ക് നിർദേശം ലഭിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
മഴ ശക്തമായതോടെ ഉയർന്നുനിൽക്കുന്ന ഭാഗത്തുനിന്നും ചെറിയതോതിൽ മണ്ണിടിച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തിർത്തും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നവരിൽ കൂടുതൽ പേരും.
സംഭവം അടിയന്തരമായി മഴക്കാല ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. സുരേഷ് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. സോമശേഖരൻ,നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.എ. വിനോദ്,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.അൻസാരി, എസ.് രശ്മി, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് തങ്ങൾ മരിച്ചതിനശേഷമേ അധികൃതരുടെ കണ്ണ് തുറക്കു. അധികൃതർ ഇടപെട്ട് സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണം
കുടംബങ്ങൾ