കൊടുങ്ങല്ലൂർ : ശക്തമായ മഴയിൽ കൊടുങ്ങല്ലൂരിൽ വ്യാപകമായ നാശനഷ്ടം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ഇടിമിന്നലിൽ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. കോതപറമ്പിൽ നടപ്പാത ഇടിഞ്ഞുതാഴ്ന്നു. കോട്ടപ്പുറം കോട്ടയിൽ കോൺക്രീറ്റ് ചിറ തകർന്നു. ബുധനാഴ്ച്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിൽ പലയിടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചന്തപ്പുര-കോട്ടപ്പുറം ബൈപാസിൽ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച കാന നിറഞ്ഞൊഴുകി സമീപ പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. അശാസ്ത്രീയമായ കാനനിർമ്മാണവും വെള്ളക്കെട്ടിന് കാരണമായി. കൊടുങ്ങല്ലൂർ നഗരത്തിൽ കാവിൽക്കടവ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ശക്തമായ ഇടിമിന്നലിൽ ലോകമലേശ്വരത്ത് വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. വയലാർ വാടയിൽ ക്ഷേത്രത്തിന് സമീപം വട്ടപ്പറമ്പിൽ വിജയന്റെ വീട്ടിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. പുല്ലൂറ്റ് തളിയാകാട്ടിൽ അഭിലാഷിന്റെ വീടിന്റെ ഭിത്തിക്കും മിന്നലിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എറിയാട് പനപ്പറമ്പിൽ രാമകൃഷ്ണന്റെ ഓട് മേഞ്ഞ വീട് തകർന്നു. പുല്ലൂറ്റ് വലിയകത്ത് അഷറഫിന്റെ വീട്ടിലെ വൈദ്യുതി ബോർഡുകളും ഉപകരണങ്ങളും കത്തിനശിച്ചു. നഗരസഭാ അതിർത്തിയായ കോതപറമ്പ് തോടിന് സമീപം കനത്ത മഴയിൽ വഴി ഇടിഞ്ഞു. കോട്ടപ്പുറം കോട്ടയിൽ കനോലിക്കനാലിന്റെ ഓരത്ത് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ചിറ പാടെ കാനലിൽ പതിച്ചു. കോട്ട കപ്പേളയ്ക്ക് വടക്കുവശത്ത് നിർമ്മിച്ചിരുന്ന 30 മീറ്റർ നീളത്തിലുള്ള ചിറയാണ് വീണ് നശിച്ചത്. നഗരത്തിലും പരിസരങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.
നാശനഷ്ടങ്ങളേറെ