പ്രതിഷേധം ​കേ​ര​ള​ ​കൗ​മു​ദി വാർത്തയെത്തുടർന്ന്

ചാലക്കുടി: നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിലെ ഫയർ ആൻഡ് സേഫറ്റി സംവിധാനത്തിന്റെ ഉപകരണങ്ങൾ മോഷണം പോയ സംഭവം വിവാദത്തിൽ. ഇന്നലെ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് പ്രതിപക്ഷവും എൽ.ഡി.എഫും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനവും ചെയർമാന്റെ മറുപടിയും പൊലീസിന്റെ ഇടപെടലുമുണ്ടായി. അടച്ചുപൂട്ടിയ മുറിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ മോഷണം പോയത് യു.ഡി.എഫ് ഭരണസമിതിയുടെ വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ ചെയർമാന്റെ മുറിയുടെ മുന്നിലും എൽ.ഡി.എഫ് പ്രവർത്തകർ നഗരസഭ കവാടത്തിലും ധർണ നടത്തി. ചെയർമാന്റെ ചേംബറിന് മുന്നിൽ നടന്ന ധർണ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. കൗൺസിൽമാരായ വി.ജെ. ജോജി, ബിജി സദാനന്ദൻ, കെ.എസ്. സുനോജ്,ബിന്ദു ശശികുമാർ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫിന്റെ സമരം സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കദളിക്കാടൻ, നേതാക്കളായ ടി.പി. ജോണി, ജോസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫിന്റെ സമരത്തെ തുടർന്ന് നഗരസഭ കാര്യാലയത്തിൽ പൊലീസെത്തി ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തി. ഫയർ ആൻഡ് സേഫറ്റി ഉപകരണങ്ങൾ മോഷണം പോയത് സംബന്ധിച്ച് നഗരസഭ സൂപ്രണ്ട് രേഖാ മൂലം പരാതി നൽകിയെന്ന് എസ്.ഐ അറിയിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ സമരം അവസാനിപ്പിച്ചത്.

17 ദിവസം മുമ്പ് മോഷണത്തെക്കുറിച്ച് ചെയർമാൻ അറിഞ്ഞുവെങ്കിലും രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ഇത്രയും ദിവസമായിട്ടും ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകാതിരുന്നതിൽ ദുരൂഹതയുണ്ട്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കാത്തത് ഭരണസമിതിയുടെ കഴിവ് കേടുമാണ്. (പ്രതിപക്ഷം)


വലിയ സംഖ്യയുടെ മോഷണം നടന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. മുമ്പ് ഇൻഡോർ സ്റ്റേഡിയത്തിന് പുറത്ത് ഫയർ ആൻഡ് സേഫ്റ്റിയുടെ ചില പൈപ്പുകൾ നഷ്ടപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട് ലഭിച്ച ഉടനെ പൊലീസിൽ പരാതി നൽകാൻ മുൻസിപ്പൽ എൻജിനീയറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ വീഴ്ച നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കും. ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിട്ടും പ്രതിപക്ഷം സമരം നടത്തിയത് രാഷ്ട്രീയ പകപോക്കലാണ്.( എബി ജോർജ്
ചെയർമാൻ)