കൊടുങ്ങല്ലൂർ : നഗരത്തിലെ വെള്ളക്കെട്ടിനെയും ശുചീകരണത്തെയും ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളിൽ അപാകതയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ചു. ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിലെ കാനകളും നീർച്ചാലുകളും അടയ്ക്കുകയും നഗരസഭാ റോഡുകൾ വെട്ടിപ്പൊളിക്കുകയും ചെയ്ത് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാരിന്റെയും ദേശീയപാത അധികൃതരുടെയും നിലപാടിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു. നഗരസഭാ ബസ് സ്റ്റാൻഡിൽ നിന്ന് പോകുന്നതുൾപ്പെടെ വിവിധ കാനകൾ അടച്ചതാണ് കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതിന് കാരണമാക്കിയതെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ അടുത്ത ദിവസം കളക്ടറെ കണ്ട് വിഷയം ധരിപ്പിക്കാൻ തീരുമാനിച്ചു. നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ എൽ.ഡി.എഫ് കൗൺസലർമാർ നഗരസഭയ്ക്ക് മുമ്പിൽ പ്രകടനവും യോഗവും നടത്തി. മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി. സി.സി. വിപിൻ ചന്ദ്രൻ, കെ.എസ്. കൈസാബ്, എൽസി പോൾ, പി.എൻ. വിനയചന്ദ്രൻ, രവീന്ദ്രൻ നടുമുറി എന്നിവർ സംസാരിച്ചു.
നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുന്നൊരുക്കങ്ങൾ ഒന്നും തന്നെ നടത്തിയില്ലെന്ന് ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു. ഇപ്പോഴുണ്ടായ ഈ ദുരിതത്തിന് കാരണം ഭരണസമിതിയുടെ അനാസ്ഥയാണ്. വാർഡ് തല യോഗങ്ങൾ ചേരാൻ കാലതാമസം നേരിട്ടതും ശുചീകരണ പ്രവർത്തനങ്ങൾ വൈകിയതും കാരണമായി. ഇതിനെതിരെ ശക്തമായ സമരം തുടരുമെന്ന് മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, ഉപനേതാവ് രശ്മിബാബു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, ശാലിനി വെങ്കിടേഷ്, ശിവറാം, വിനീതാ ടിങ്കു, കെ.എ. സുനിൽകുമാർ എന്നിവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു.
യോഗം ബഹിഷ്‌ക്കരിച്ച് ബി.ജെ.പി