തൃപ്രയാർ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളിൽ വെള്ളം കയറി. ചാവക്കാട് തഹസിൽദാറും റവന്യൂ ഉദ്യോഗസ്ഥരും വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണങ്ങളാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അടിയന്തര നടപടിയെടുക്കാൻ ദേശീയപാത നിർമ്മാണക്കമ്പനിക്ക് തഹസിൽദാർ നിർദ്ദേശം നൽകി. തൃപ്രയാർ ജംഗ്ഷനിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിന് വടക്കുഭാഗം രൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടെ മൂന്നു വീടുകൾ വെള്ളത്തിൽ മുങ്ങി. വലപ്പാട് ചന്തപ്പടിക്ക് കിഴക്കുവശം പത്തിലധികം വീടുകളിൽ വെള്ളം കയറി. തൃപ്രയാർ ജംഗ്ഷനിലും പരിസരപ്രദേശത്തും ജലജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി കുഴിയെടുത്ത ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാതെ കല്ലും മണ്ണും കാനയുടെ മുകളിൽ കൂട്ടിയിട്ടിരുന്നത് കാനയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തി. തൃപ്രയാർ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള കാനയിലൂടെ വെള്ളം ഒഴുകിപ്പോവാത്തതും വെള്ളക്കെട്ടിന് കാരണമാക്കി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇതുവരെ നടത്താത്തതും വിനയായി.