ch
കനത്ത മഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുമ്പിള്ളിശ്ശേരി അമ്മാടം ചേനം റോഡിൽ അടിഞ്ഞ് കൂടിയ നിലയിൽ.

ചേർപ്പ് : മഴ ശക്തമാകുമ്പോഴും പൊതുമരാമത്ത് റോഡുകളിലെ കാനകളിൽ മാലിന്യം അടഞ്ഞ് വെള്ളം ഒഴുകിപ്പോകാനാവാത്ത സ്ഥിതി. ചേർപ്പ്, പെരുമ്പിള്ളിശ്ശേരി ഭാഗങ്ങളിലെ റോഡരികിലെ കാനകളിലാണ് ഈ അവസ്ഥ. പെരുമ്പിള്ളിശ്ശേരി സെന്ററിന് സമീപത്തെ കാനകൾ, അമ്മാടം റോഡിന്റെ ഇരുവശങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് കാനകളിൽ കുമിഞ്ഞുകൂടി കിടക്കുന്നത്. കാനകളിൽ മണ്ണും ചെളിയും നിറഞ്ഞിരിക്കുന്നതിനാൽ മഴ ശക്തമായതോടെ അഴുക്കുവെള്ളവും മറ്റും റോഡിലൂടെയാണ് ഒഴുകിപ്പോകുന്നത്. റോഡിലൂടെ മലിനജലം ഒഴുകുന്നത് യാത്രക്കാർക്കും ദുരിതമുണ്ടാകുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി പ്രതിദിനം സഞ്ചരിക്കുന്നത്. പെരുമ്പിള്ളിശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കാനകളിലേക്ക് മാലിന്യങ്ങൾ തള്ളുന്നതായും ആക്ഷേപമുണ്ട്.
പെരുമ്പിള്ളിശ്ശേരിയിൽ നിന്ന് ഒഴുകുന്ന വെള്ളം ആലേങ്ങാട്ട് മന, മിത്രാനന്ദപുരം റോഡുകളിലേക്കാണ് എത്തിച്ചേരുന്നത്. മലിനജലം അവിടത്തുകാർക്കും ദുരിതമുണ്ടാക്കുന്നു. അമ്മാടം റോഡ് പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി സെന്ററിന് സമീപം റോഡിൽ മഴ പെയ്താൽ രൂക്ഷമായ വെള്ളക്കെട്ടുമുണ്ടാകുന്നുണ്ട്. അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.

പി.ഡബ്ലിയു.ഡി അധികൃതരെ പരാതി ബോധിപ്പിച്ചിട്ടും കാനകൾ വൃത്തിയാക്കാൻ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. കാനകളിലെ മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും അടിയന്തരമായി നീക്കണം.
-ഇ.വി. ഉണ്ണിക്കൃഷ്ണൻ
(രണ്ടാം വാർഡ് അംഗം, ചേർപ്പ് പഞ്ചായത്ത്)

പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം