മുപ്ലിയം: 2018 ലെ പ്രളയത്തെ തുടർന്ന് കുറുമാലി പുഴയിൽ രൂപപ്പെട്ട മൺതിട്ട പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
പ്രളയത്തിൽ മുപ്ലിയം പ്ലായിലപാറ ഭാഗത്ത് മണ്ണ് അടിഞ്ഞുകൂടിയാണ് മൺതിട്ട രൂപം കൊണ്ടത്. പിന്നിടുള്ള വർഷകാലത്ത് പുഴയിലൂടെ ഒഴുകിയെത്തുന്ന മണ്ണും മണലും അടിഞ്ഞുകൂടി മൺതിട്ടയുടെ വിസ്ത്രിതി വർദ്ധിച്ചു. പുഴയിൽ മൺതിട്ട രൂപപെടുകയും കാലവർഷം ശക്തമാകുന്നതോടെയും പുഴ കരയെടുക്കുന്നതും പതിവായി. കൂടാതെ പുഴ വഴിമാറി ഒഴുകി സമീപത്തെ വീടുകളിൽ വെളളം കയറുന്നതും പതിവായി. മുപ്ലിയത്തെ പൊതുപ്രവർത്തകനായ കെ.ജി. രവീന്ദ്രനാഥ് വില്ലേജ് ഓഫിസർ മുതൽ റവന്യൂ, ജലവിഭവ വകുപ്പ് മന്ത്രിമാർക്ക് വരെ മൺതിട്ട നീക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയിരുന്നു. പരിഹാരം കാണാതായതോടെ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വനം , റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നടപടിയെടുക്കാൻ നിർദ്ദേശമെത്തി. പ്രശ്‌നത്തിൽ ജില്ലാ ഭരണകൂടവും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയറോട് ജില്ലാ കളക്ട്ടർ റിപ്പോർട്ട് ആവശ്യപെടുകയും അടിയന്തിരമായി മൺതിട്ട നീക്കാനും ആവശ്യപെട്ടിരുന്നു. മുൻ വർഷങ്ങളിൽ പുഴയിലെ മാലിന്യങ്ങൾ യന്ത്രസഹായത്തോടെ മാറ്റിയിരുന്നെങ്കിലും മൺതിട്ടയുടെ കാര്യത്തിൽ നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറിൽ രവീന്ദ്രനാഥ് വീണ്ടും ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് യന്ത്രസഹായത്തോടെ മൺതിട്ട പുഴയിൽ തന്നെ അലിയിച്ച് കളയാനായി ഒരു ലക്ഷം രൂപ അനുവദിച്ചു. കരാറുകാർ മൺതിട്ട ഒഴിവാക്കുന്നതിനായ് സ്ഥലം സന്ദർശിച്ചിരുന്നു. ഇനിയൊരു പ്രളയത്തിന് വഴിവെക്കാതെ മൺതിട്ട അടിയന്തിരമായി നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.