കൊടുങ്ങല്ലൂർ : കാനകളിൽ ഒഴുക്ക് നിലച്ചതിനാൽ മഴക്കാലമായാൽ ബൈപാസിനരികെ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് ആശങ്ക. ബൈപാസിനരികിലുള്ള കാനകൾ ഏറെക്കുറെ നിർമ്മാണ പ്രവൃത്തികൾക്കിടയിൽ മണ്ണും ചെളിയും വീണ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ചില കാനകൾ ദേശീയപാത നിർമ്മാണ കമ്പനിക്കാർ അടയ്ക്കുകയും ചെയ്തു. ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള മൂന്നര കിലോമീറ്റർ ദൂരമുള്ള ബൈപാസിൽ നവീകരണ പ്രവൃത്തികൾ നടന്നുവരുന്നതിന്റെ ഭാഗമായി പുതിയ കാനകൾ നിർമ്മിച്ചു വരുന്നുണ്ട്. ഇത് അശാസ്ത്രീയമായ രീതിയിലാണെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടെ നേരത്തെ ഉണ്ടായിരുന്ന കാനകൾ പലതും മണ്ണും ചെളിയും വീണ് ഒഴുക്ക് നിലച്ചു. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ പ്രദേശത്ത് കനത്ത വെള്ളക്കെട്ടാണ് ഉണ്ടാക്കിയത്. നഗരത്തിൽ പലയിടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തിരുന്നു.
അശാസ്ത്രീയമായ കാനനിർമ്മാണം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കുമെന്നുള്ള പരാതിയെ തുടർന്ന് തൃശൂർ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 9ന് ദേശീയപാത നിർമ്മാണ പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങളും ദേശീയപാതാ അധികൃതരും ചേർന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു. വെള്ളക്കെട്ട് സാദ്ധ്യതകളും നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മറ്റ് പ്രാദേശിക പ്രശ്‌നങ്ങളും പരിശോധിച്ച് പരിഹരിക്കാനായിരുന്നു സന്ദർശനം. ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയർമാർ, ദേശീയപാത ഉദ്യോഗസ്ഥർ, കരാറുകാരായ ശിവലായ കൺസ്ട്രക്്ഷൻ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തിരുന്നു. ദേശീയപാത കടന്നുപോകുന്ന മുനിസിപ്പൽ പ്രദേശത്തെ ടി.കെ.എസ് പുരം മുതൽ കോതപറമ്പ് വരെ അടഞ്ഞുകിടക്കുന്ന മുഴുവൻ കാനകളും അടിയന്തരമായി തുറക്കാനും മണ്ണും ചെളിയും നീക്കം ചെയ്യാനും സംഘം നിർദ്ദേശം നൽകിയെങ്കിലും കരാറുകാരൻ ഇതുവരെ തീരുമാനം നടപ്പിലാക്കിയിട്ടില്ല.
വെള്ളക്കെട്ടുണ്ടാക്കുന്നത് പുതിയ കാനകൾ