ആളൂർ : സർക്കാർ നടത്തുന്ന പട്ടികജാതി സർവേ കെ.പി.എം.എസ് ബഹിഷ്‌കരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് പറഞ്ഞു. ജില്ല കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും പിൻബലമില്ലാതെ മുന്നാക്ക സംവരണം നടപ്പാക്കിയ സർക്കാർ ജാതി സെൻസസ് നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്നു. ജാതി സെൻസസ് നടപ്പാക്കാതെ ജാതിസർവേ നടത്തുന്നത് കെ.പി.എം.എസിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന ജാതി സെൻസസ് പ്രക്ഷോഭത്തെ തടയിടാനായാണ്. സർക്കാർ വരേണ്യവിഭാഗത്തിന്റെ താത്പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്നും അജയഘോഷ് കുറ്റപ്പെടുത്തി. പി.എൻ.സുരൻ അദ്ധ്യക്ഷനായി. ശശി കൊരട്ടി, കെ.പി.ശോഭന, പി.സി.രഘു, ടി.കെ.സുബ്രൻ, ഷാജു ഏത്താപ്പിള്ളി എന്നിവർ സംസാരിച്ചു.