ചാലക്കുടി: ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നും ഫയർ ആന്റ് സേഫ്റ്റി ഉപകരണങ്ങൾ മോഷണം പോയ സംഭവം ഭരണ-പ്രതിപക്ഷ പോരിലേയ്ക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ കാര്യാലയത്തിൽ നടത്തിയ സമരത്തെ വാർത്താ സമ്മേളനത്തിൽ ചെയർമാൻ എബി ജോർജ്ജ് നിശിതമായി വിമർശിച്ചു. ഉപകരണങ്ങൾ മോഷണം പോയത് നേരിട്ട് കാണുന്നതിന് ഇൻഡോർ സ്‌റ്റേഡിയത്തിലേയ്ക്ക് പ്രതിപക്ഷ നേതാവിന് താക്കോൽ നൽകിയ ജീവനക്കാരിക്കെതിരെയാണ് നടപടിയെടുത്തതാണ് പ്രതിപക്ഷം കൂടുതൽ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുന്നത്. കളവ് നടന്നിട്ടും പരാതി നൽകാതെ 26 ദിവസം വൈകിപ്പിച്ച ചെയർമാൻ, വീഴ്ച മറയ്ക്കാൻ ജീവനക്കാരിയുടെ പേരിൽ നടപടിയ്ക്ക് ഒരുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് ചൂണ്ടിക്കാട്ടി. പരാതി പിൻവലിച്ചില്ലെങ്കിൽ ചെയർമാനെ നഗരസഭ കാര്യാലയത്തിൽ കടക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
ഇൻഡോർ സ്‌റ്റേഡിയത്തിന് അകത്തെ രണ്ടേകാൽ ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് മോഷണം പോയത്. പരാതി നൽകാൻ മൂന്നാഴ്ച മുമ്പ് ശ്രമിച്ചിരുന്നു. വിശദ റിപ്പോർട്ടും മൊഴിയും ആവശ്യമാണെന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശമാണ് നടപടി വൈകിപ്പിച്ചത്. കലാഭവൻ മണി പാർക്കിന്റെ ബോർഡ് നശിപ്പിച്ചവർക്കെതിരെ നൽകിയ പരാതി ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലിനെ തുടർന്ന് പൊലീസ് നടപിടി സ്വീകരിച്ചില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരാണ് ഇൻഡോർ സ്‌റ്റേഡിയത്തിലെ മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
എബി ജോർജ്, ചെയർമാൻ.
ഇൻഡോർ സ്‌റ്റേഡിയത്തിൽ രണ്ടിടത്ത് മോഷണം നടന്നു. കഴിഞ്ഞ ഏപ്രിൽ 26ന് കെട്ടിടത്തിന് പുറത്തു നടന്ന മോഷണത്തെക്കുറിച്ച്് തങ്ങൾ അറിഞ്ഞു. പരാതി നൽകാൻ അന്നു തന്നെ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഇതിനെ അനുകൂലിച്ചില്ലെന്നാണ് ചെയർമാൻ പറഞ്ഞത്. ഈയാഴ്ചയിലാണ് കെട്ടിടത്തിന് അകത്തെ വലിയ മോഷണം ചെയർമാൻ അറിഞ്ഞത്. ഇത് രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. തങ്ങളുമായി ചർച്ച നടത്തിയിട്ടും നടപടിയെടുക്കാതെ വന്നപ്പോഴാണ് സമരം നടത്തിയത്. ജാള്യത മറയ്ക്കാൻ ജീവനക്കാർക്കെതിരെ തിരിഞ്ഞാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
സി.എസ്.സുരേഷ് പ്രതിപക്ഷ നേതാവ്.
വിവരം മറച്ചത് മനഃപൂർവ്വം ?
ചാലക്കുടി: ഫയർ സേഫറ്റി സാമഗ്രികൾ മോഷണം പോയത് അറിഞ്ഞിട്ടും നഗരസഭാ അധികൃതർ വിവരം മറച്ച് വച്ചത് ഇൻഡോർ സ്റ്റേഡിയത്തിലെ വലിയ വാടക നഷ്ടപ്പെടാതിക്കാനാണെന്ന് ആരോപണം. ഫയർ ആൻഡ് സേഫറ്റി സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന വിവരം ഔദ്യോഗികമായി രേഖപ്പെടുത്തിയാൽ പിന്നെ സ്റ്റേഡിയം വാടകയ്ക്ക് നൽകാനാകില്ല. പൈപ്പുകൾ കാണാതായതിന്റെ പരിശോധന നടക്കുന്നതിനിടെയാണ് ലക്ഷങ്ങളുടെ മോഷണ പുറത്തായതെന്നും ആരോപണമുണ്ട്.