കുന്നംകുളം: വരും തലമുറയെ സംരക്ഷിക്കാൻ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്കരണ പദയാത്ര നടത്തി ശ്രദ്ധ നേടുകയാണ് സാമൂഹ്യപ്രവർത്തകനായ ആർ. പത്മജൻ. കാസർകോട് മുതൽ തിരുവനന്തപുരം സംഘടിപ്പിക്കുന്ന യാത്രയിൽ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിയരുതെന്ന് സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഈ യുവാവിന്റെ ലക്ഷ്യം. പ്ലാസ്റ്റിക് ജീവിതത്തിലെ പ്രധാന ഉപയോഗ വസ്തുവായി മാറിയെങ്കിലും അടുത്ത തലമുറക്കും ഈ പ്രകൃതിയെ ശുദ്ധമായി നൽകേണ്ടതുണ്ടെന്നും പ്ലാസ്റ്റിക് വലിച്ചെറിയുന്നവരെ ബോധ്യപ്പെടുത്തുകയാണ് ഇദ്ദേഹം. കൊല്ലം ജില്ലാ മിഷന്റെയും കൊട്ടിയം ക്ലബ്ബിന്റെയും മണിക് ഫാൻ ഇൻസ്റ്റ്യൂട്ട് ഒഫ് ഓഷ്യാഗ്രാഫിയുടെയും സഹകരണത്തോയാണ് കൊല്ലം സ്വദേശിയായ സാമൂഹിക പ്രവർത്തകൻ പത്മജൻ ബോധവത്കരണ പദയാത്ര നടത്തുന്നത്. മെയ് 16 ന് കാസർകോട് നിന്നാരംഭിച്ച യാത്ര കുന്നംകുളത്ത് എത്തിനിൽക്കുകയാണ്. ഇതിനിടയിൽ നിരവധി നഗരസഭകളിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ക്ലബുകളിലും പത്മജനെത്തി ആളുകളുമായി സംവദിച്ചു. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയില്ലെന്ന പ്രതിജ്ഞ ജനങ്ങളെക്കൊണ്ട് എടുപ്പിക്കുകയും ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്താണ് ക്യാമ്പയിൻ സമാപിക്കുന്നത്. ഇന്നലെ രാവിലെ ജില്ലാ കളക്ട്രേറ്റിൽ നൽകിയ സ്വീകരണത്തിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ പൊന്നാട അണിയിച്ചു. ജില്ലാ ശുചിത്വ മിഷനിൽ നടന്ന സ്വീകരണത്തിൽ ജില്ലാ കോർഡിനേറ്റർ കെ.കെ. മനോജ് ഉപഹാരം നൽകി. ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസി. കോർഡിനേറ്റർ മുർഷീദ് .എം, ടെക്‌നിക്കൽ കോൺസൾട്ടന്റ് എ. അഖിൽ, ഡി.ഇ.ഓ കെ.എ. തുളസി, അക്കൗണ്ടന്റ് പദ്മജ.എ.മേനോൻ എന്നിവർ പങ്കെടുത്തു. കോർപ്പറേഷനിൽ മേയർ എം.കെ. വർഗീസ് സ്വീകരിച്ചു. കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ഷിബു റാവുത്തർ, ജനറൽ തോമസ് , മനോജ് പുഷ്‌കരൻ, അഡ്വ. എസ്.രാജീവൻ, പോൾ വർഗീസ്, ജേക്കബ് കോശി, രാഹുൽ ചാലി എന്നിവർ പങ്കെടുത്തു. കുന്നംകുളത്ത് ആർ.ഇ. ടെക് മാനിയ റൈഡിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. രാമകൃഷ്ണൻ പൊന്നാടയണിയിച്ചു. വാർഡ് മെമ്പർമാരായ അഖില മകേഷ്, വിജിത പ്രജി, ക്ലബ് ഭാരവാഹികളായ വി. ആർ. മകേഷ്, സി.കെ. വിജോ, വി.ബി. നിഷീബ്, എം.കെ. അനൂപ് എന്നിവർ സംസാരിച്ചു