വാടാനപ്പിള്ളി : തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിജയാഘോഷവും അനുമോദനവും എൻ.എസ്.എസ്. യൂണിറ്റിന്റെയും കരിയർ ഗൈഡൻസിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും തൃശൂർ, ഇടുക്കി ജില്ല ഉൾപ്പെടുന്ന തൃശൂർ മേഖലയിൽ മൂന്നാം സ്ഥാനം നേടിയ കമലാ നെഹ്‌റു വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുരസ്‌കാരങ്ങളും മധുരവും നൽകി. അനുമോദന യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എം. ലിജിത്ത്, പ്രിൻസിപ്പൽ കെ.ആർ. കല, മുൻ പ്രിൻസിപ്പൽമാരായ അനിത മുകുന്ദൻ, വി.എ. ബാബു, സീനിയർ അദ്ധ്യാപിക സി.എസ്. ഷൈജ, കരിയർ മാസ്റ്റർ ഡോ. സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.