അന്നമനട : കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മേലഡൂർ പൈനാട്ടുകര മാണിക്യത്ത് പറമ്പിൽ തോംസന്റെ 21 പശുക്കൾ നിന്നിരുന്ന തൊഴുത്തിന് മുകളിൽ മരം വീണ് മൂന്നു പശുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴുത്ത് പൂർണമായി തകർന്നു. അയൽവാസി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് യഥാസമയം ഇടപെട്ട് മാളയിലെ അഗ്‌നിരക്ഷാസേനയുടെ സേവനം പെട്ടെന്ന് ലഭ്യമാക്കിയതിനാൽ മുഴുവൻ പശുക്കളെയും രക്ഷിക്കാൻ സാധിച്ചു. 20 പശുക്കളും കറവ ഉള്ളതും ഒരു പശു ചെനയിലുമാണ്. വെറ്ററിനറി ഡോക്ടറെ വരുത്തി പശുക്കൾക്ക് അടിയന്തര ചികിത്സ നൽകി. 18 വർഷമായി പശു ഫാം നടത്തുന്ന തോംസൺ വെണ്ണൂർ ക്ഷീര സംഘം പ്രസിഡന്റ് കൂടിയാണ്. പശു ഫാം നിറുത്തിയ സുഹൃത്തിന്റെ തൊഴുത്തിലേക്ക് പശുക്കളെ മാറ്റിയിരിക്കുകയാണ്. പുതിയ തൊഴുത്ത് ഉണ്ടാക്കണമെങ്കിൽ നല്ലൊരു തുക ചെലവാകും.