മാള : ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിന്റെ അരികത്തായി ചാൽ കീറിയത് വാഹനങ്ങൾക്ക് കെണിയായി മാറുന്നു. സമ്പാളൂർ മുതൽ കല്ലൂർ വരെ 4.5 കിലോമീറ്ററർ നീളത്തിൽ ടാറിംഗ് ഉൾപ്പെടെ റോഡിന്റെ അരികിൽ ചാൽ കുഴിച്ചതാണ് മഴ ശക്തമായതോടെ യാത്രക്കാർക്ക് ദുരിതമായി മാറിയത്. ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റോഡിന്റെ ഒരു വശത്ത് കൂടി ചേർത്താണ് ചാലെടുത്തിരിക്കുന്നത്. ചാൽ മണ്ണിട്ട് മൂടിയെങ്കിലും ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഇവിടെ താഴുന്നത് പതിവായിരിക്കയാണ്. അമിതഭാരമുള്ള ടോറസ് പൊലുള്ള വാഹനങ്ങൾ പോകുമ്പോൾ റോഡിന്റെ വശം ഇടിയുന്നതിനും ഇത് കാരണമാക്കുന്നു. കാടുകുറ്റി പഞ്ചായത്തിലെ സമ്പാളൂരിലെ വാട്ടർ ടാങ്കിൽ നിന്നും സമ്പാളൂർ പാളയംപറമ്പ് പി.ഡബ്ല്യു.ഡി റോഡ് വഴി പാളയംപറമ്പ് ജംഗ്ഷനിൽ എത്തി അഷ്ടമിച്ചിറ, അന്നമനട പി.ഡബ്ല്യു.ഡി റോഡിലൂടെ 1 ,14, 15, 16 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് വേണ്ടിയാണ് പൈപ്പ് ലൈൻ സ്ഥാപിച്ചത്.
പാളയംപറമ്പ് ജംഗ്ഷനിലുള്ള കാഡ കനാൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ചതോടെ കനാലിന്റെ ഭിത്തി പല ഭാഗത്തും ഇടിഞ്ഞ് കിടക്കുന്നത് വെള്ളം ഒഴുകിപ്പോകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ശക്തമായ മഴയിൽ ജംഗ്ഷനിലെ കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. പദ്ധതിയുടെ കരാർ പ്രകാരം റോഡ് പുനർ നിർമ്മിക്കേണ്ടത് ജല അതോറിറ്റിയാണെന്നാണ് പി.ഡബ്ല്യു.ഡി പറയുന്നത്. ആരായിരുന്നാലും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് യാത്രക്കാരുടെ ദുരിതം മാറ്റണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
വാഹനങ്ങൾ താഴുന്നത് പതിവ്