ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കൊമ്പൻപാറ തടയണയുടെ ഷട്ടർ മാറ്റിയില്ല പരിയാരം, കോടശേരി പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് കൃഷിയിടം വെള്ളത്തിലായി.അറുപതോളം കർഷകരുടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വിളകളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നൂറ് ഏക്കർ കൃഷിയിടം നശിക്കുകയാണ്. ഏക്കർ കണക്കിന് സ്ഥലത്തെ വാഴത്തോട്ടങ്ങളിൽ വെള്ളം കയറിയിട്ട് മൂന്ന് ദിവസമായി. കപ്പ കൃഷിയും പച്ചക്കറി കൃഷിയും വെള്ളത്തിൽ മുങ്ങി.
കോടശേരി പഞ്ചായത്തിലെ പോത്തുടിത്തോട് കടന്നു പോകുന്ന കമ്പോളി പാടശേഖരത്തിലും കുറ്റിക്കാട്പാറക്കുന്ന് പ്രദേശത്തുമുള്ള കർഷകരെയാണ് വെള്ളക്കെട്ട് രൂക്ഷമായി ബാധിച്ചത്. നെല്ലിക്കൽ നാരായണൻ, കിഴക്കെകര ഷീബ പ്രസന്നൻ, ഉതിനിപറമ്പൻ ദേവസിക്കുട്ടി, ജിന്റോ കിഴക്കുനൂടൻ, കിഴക്കൂടൻ റപ്പായി, കിഴക്കൂടൻ സത്യൻ, ജോളി കണ്ണമ്പുഴ, തൊമ്മാന ദേവസ്സിക്കുട്ടി, ജോഷി മാളിയേക്കൽ തുടങ്ങിയ കർഷകരുടെ നഷ്ടം ഭീമമാണ്. പാറക്കുന്നിൽ ഗോപുരൻ പോളിയുടെ ആയിരം നേന്ത്രവാഴകൾ വെള്ളത്തിനിടയിലായി. ജോസ് കണ്ണത്ത്, മാളിയേക്കൽ ഡേവിസ്, ജിനു പരിയാടൻ തുടങ്ങിയ കർഷകരും കണ്ണീർ കുടിക്കുകയാണ്. അടുത്ത മാസം വിളവെടുക്കാനിരുന്ന വാഴകളായിരുന്നു ഭൂരിഭാഗവും. വേനൽ മഴശക്തമാകുമെന്ന ധാരണയില്ലാതിരുന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പുഴയിലെ തടയണയുടെ ഷട്ടർ മാറ്റുന്നതിന് നിർദ്ദേശം കൊടുത്തില്ലെന്ന് പറയുന്നു. പഞ്ചായത്ത് ഏർപ്പെടുത്തിയ കരാറുകാരനാണ് വർഷക്കാലം ആരംഭിക്കുന്നതോടെ ഷട്ടർ മാറ്റുന്നത്.
നാല് അടിയോളം ജലനിരപ്പ്
ഷട്ടർ മാറ്റത് പുഴയുടെ പരിയാരം പ്രദേശത്ത് മാത്രം നാല് അടിയോളം ജലനിരപ്പ് ഉയരാനിടയാക്കി. ഇതോടെ പുഴ വന്നുചേരുന്ന കപ്പത്തോടിന്റെ ഒഴുക്കും നിലച്ചു. ശക്തമായ മഴയിൽ കപ്പത്തോടിലൂടെ വരുന്നതും കൈവഴിത്തോടുകളിൽ വരുന്നതുമായ വെള്ളം ഇതോടെ ഗതിമാറി ഒഴുകി കൃഷിയിടങ്ങളിലെത്തി. പുഴയിലെ ജലനിരപ്പ് താഴാതെ ഇനി തടണയിലെ ഷട്ടർ മാറ്റാനാകില്ലെന്ന് വസ്തുത കർഷകരുടെ ദുരിതത്തിന് ആക്കംകൂട്ടും.
കർഷകർ ആവശ്യം
പരിയാരം പഞ്ചായത്തും ജലസേചന വകുപ്പുമാണ് ഇതിന് ഉത്തരവാദികൾ .
നെല്ലിക്കൽ നാരായണൻ(കർഷകൻ)
കഴിഞ്ഞ നാലുകൊല്ലവും വെള്ളം കയറി കൃഷികൾ നശിച്ചു. ഇത്തവണ കാലവർഷം തുടങ്ങുന്നതിന് മുമ്പും ഇതാവാർത്തിച്ചു.
കർഷക ഷീബ പ്രസന്നൻ(കർഷക)