1

തൃശൂർ: ഭാവിയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുന്നോടിയായി സർക്കാർ ഏജൻസികളുടെ ആഭിമുഖ്യത്തിൽ സർവേ തുടങ്ങി. കുടിവെള്ള ക്ഷാമം മൂലം കൂടുതൽ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് പ്രാധാന്യം നൽകാനും വേണ്ടത്ര തുക നീക്കിവയ്ക്കാനുമാണ് സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം സർവേ.
പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ തൃശൂരിലെ കേരള വനഗവേഷണ കേന്ദ്രവും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രവുമാണ് സർവേ നടത്തുന്നത്. ബാക്കി ജില്ലകളിൽ കോഴിക്കോട്ടെ സെന്റർ ഫൊർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്ന്റിനാണ് ചുമതല. പഞ്ചായത്തുകളിൽ നിന്നും മറ്റും വിവരം ശേഖരിച്ച് കൂടുതൽ ജലക്ഷാമമുള്ള സ്ഥലങ്ങൾ തിരിച്ചറിയും. തുടർന്ന് ശാസ്ത്രജ്ഞർ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്‌നങ്ങളറിയും. തുടർന്ന് ആസൂത്രണ ബോർഡിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ കൂടുതൽ കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങൾ, കാരണം, പരിഹാരം എന്നിവയെപ്പറ്റി വിശദമായി പ്രതിപാദിക്കും.

വിനയായി കാലാവസ്ഥ വ്യതിയാനവും

കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ആലപ്പുഴ ജില്ലയിലെ സർവേ പൂർത്തിയാക്കി. പത്തനംതിട്ടയുടേത് ഉൾപ്പെടെ മറ്റ് ജില്ലകളിൽ പുരോഗമിക്കുകയാണ്. ആലപ്പുഴയിൽ കുട്ടനാട്ടിലും മറ്റ് തീരപ്രദേശങ്ങളിലുമാണ് കൂടുതൽ കുടിവെള്ളക്ഷാമം. ആലപ്പുഴ, ചേർത്തല നഗരപ്രദേശത്തെ കുടിവെള്ള പ്രശ്‌നം ജലജീവൻ, ജപ്പാൻ പദ്ധതികളിലൂടെ ഏതാണ്ട് പരിഹരിച്ചു. കാലാവസ്ഥാ വ്യതിയാനവും ജലദൗർലഭ്യത്തിന് ഇടയാക്കുന്നതായി സർവേ കണ്ടെത്തി.

കുടിവെള്ള പദ്ധതി നടപ്പാക്കുമ്പോൾ കൂടുതൽ ഊന്നൽ നൽകേണ്ട സ്ഥലങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. പ്രശ്‌നപരിഹാരം എളുപ്പത്തിലാക്കാൻ ഇത് സഹായിക്കും.

- എസ്. സന്ദീപ്, പ്രിൻസിപ്പൽ സയന്റിസ്റ്റ്, കേരള വനഗവേഷണകേന്ദ്രം