തൃപ്രയാർ : ഇത്തവണ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിന് പുതിയ പാഠപുസ്തകങ്ങളും പുത്തൻ യൂണിഫോമുമണിഞ്ഞ് കുരുന്നുകൾക്ക് എത്താനാവില്ല.
സ്‌കൂൾ തുറക്കാറായിട്ടും കുട്ടികൾക്കുള്ള സൗജന്യ യൂണിഫോമും മാറിയ പാഠപുസ്തകങ്ങളും പല വിദ്യാലയങ്ങളിലും എത്തിയിട്ടില്ല. ചില വിദ്യാലയങ്ങൾക്ക് ഷർട്ട് തുണി മാത്രമാണ് ലഭിച്ചത്. സ്‌കർട്ടിനും ട്രൗസറിനും പാന്റിനുമുള്ള തുണികൾ ഉപജില്ലകളിൽ പോലും ഇതുവരെ എത്തിക്കാനായിട്ടില്ല.
മാറിയ പാഠപുസ്തകങ്ങൾ ഭൂരിഭാഗം വിദ്യാലയങ്ങളിലും എത്തിയിട്ടില്ല. ബുക് സൊസൈറ്റികളിൽ നിന്നും നൽകിയ പാഠപുസ്തകങ്ങളും വിദ്യാലയങ്ങൾക്ക് ലഭ്യമായ യൂണിഫോം തുണിയും അറിയിപ്പുണ്ടാകുംവരെ വിതരണം നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. പാഠപുസ്തകങ്ങളും യൂണിഫോമും ലഭിക്കാത്തതിൽ രക്ഷിതാക്കളിൽ അതൃപ്തി ഉയർന്നു. ഇതേത്തുടർന്ന് ലഭ്യമായ പുസ്തകങ്ങളും യൂണിഫോമും ഉടൻ വിതരണം പൂർത്തിയാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശനിയാഴ്ച്ച രാത്രി നിർദ്ദേശം നൽകി. വിതരണം ചെയ്ത യൂണിഫോമിന്റെ എണ്ണം രേഖപ്പെടുത്താൻ ഗൂഗിൾ ഫോമും വിദ്യാലയങ്ങൾക്ക് നൽകി. നാളിതുവരെ യാതൊരു അറിയിപ്പും നൽകാതെയും യൂണിഫോമും പാഠപുസ്തകവും ലഭിക്കാതെയും ഞായറാഴ്ച വിതരണം പൂർത്തിയാക്കാനുള്ള ഉപഡയറക്ടറുടെ നിർദ്ദേശത്തിൽ ആശങ്കയിലാണ് വിദ്യാലയങ്ങൾ. വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിടുക്കമെന്നാണ് വിവരം.