കൊടുങ്ങല്ലൂർ: ദേശീയപാതയിലെ ആറുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗത സംവിധാനത്തിലെ തടസങ്ങളും പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.ഗീത കളക്ടർക്ക് നിവേദനം നൽകി.
നഗരസഭ വിളിച്ചുചേർത്ത യോഗത്തിൽ വിവിധ വാർഡുകളിലെ നീരൊഴുക്ക് പുന:സ്ഥാപിക്കുമെന്നും മാലിന്യ പ്രശ്‌നം പരിഹരിക്കാം എന്നും 15നകം സർവീസ് റോഡുകൾ തുറന്നു നൽകാമെന്നും ദേശീയപാത അധികൃതരും കരാറുകാരും സമ്മതിച്ചിരുന്നതാണ്. എന്നാൽ നാളിതുവരെ ഇതെല്ലാം പൂർത്തീകരിക്കാത്തതിന്റെ ഭാഗമായി മഴ പെയ്തതിനെ തുടർന്ന് നഗരത്തിൽ വ്യാപകമായ വെള്ളക്കെട്ടാണ്. ഗതാഗത സംവിധാനം പലയിടത്തും പ്രതിസന്ധിയിലായി.
തുടർന്ന് പലതവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. പ്രധാനപ്പെട്ട പല റോഡുകളും വെട്ടിപ്പൊളിച്ചത് ഗതാഗത യോഗ്യമാക്കാതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെയർപേഴ്‌സൺ കളക്ടറെ നേരിൽക്കണ്ട് പരാതി നൽകിയത്. ചന്തപ്പുര ഉഴുവത്തുകടവ് റോഡ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ചത് മൂടിയ ശേഷവും ഗതാഗതത്തിന് സുരക്ഷിതമല്ലാത്ത രീതിയിൽ കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡ് പുന:സ്ഥാപിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ കെ.ആർ.ജൈത്രനും കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.