news-photo-
സർക്കാർ ആയുർവേദ ആശുപത്രി ക്കുള്ളിൽ മഴ വെള്ളം ശേഖരിക്കാൻ ബക്കറ്റുകൾ നിർത്തിവെച്ച നിലയിൽ

ഗുരുവായൂർ: ചോർന്നൊലിച്ച് ഗുരുവായൂരിലെ സർക്കാർ ആയുർവേദ ആശുപത്രി. ഈ ആശുപത്രിയിൽ മഴക്കാലത്ത് കയറി ചെല്ലണമെങ്കിൽ കുടപിടിക്കേണ്ട അവസ്ഥയാണ്. ഗുരുവായൂർ കിഴക്കേ നടയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സർക്കാർ ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥയാണിത്. മഴ വെള്ളം വീഴാതെ ഇരുന്ന് രോഗികളെ പരിശോധിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ച് നടക്കുകയാണ് ഇവിടുത്തെ ഡോക്ടർമാർ. ഇവരുടെ മുറികളിൽ മഴ വെള്ളം ശേഖരിക്കാൻ ബക്കറ്റുകൾ നിരത്തി വച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് നഴ്‌സുമാരുടെ മുറിയുടെ മുകളിലത്തെ ഒരു ഭാഗം അടർന്ന് വീണതോടെ നഴ്‌സുമാർ മറ്റൊരു മുറിയിലേയ്ക്ക് മാറിയിരുന്നു.ഓപ്പറേഷൻ തിയറ്ററിനും ഈ അവസ്ഥ തന്നെയാണ്. പഴയകാല ഇലക്ട്രിക്കൽ വയറിംഗാണ് ആശുപത്രിയിൽ നിലവിലുള്ളത്. ചുമരിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നത് കൂടുതൽ അപകടത്തിന് കാരണമാകും. മൂന്നു മാസത്തിനകം അമ്പാടി കെട്ടിടത്തിലേയ്ക്ക് താൽക്കാലികമായ ആശുപത്രി മാറ്റുമെന്നാണ് നഗരസഭ അധികൃതർ അറിയിച്ചിരുന്നു. കാലവർഷം തുടങ്ങുന്നതോടെ ആശുപത്രി കെട്ടിടത്തിന് കൂടുതൽ നാശനഷ്ടം സംഭവിക്കും.
ആശുപത്രി കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനിച്ചിട്ട് ഒരു വർഷമായെങ്കിലും നടപടികളൊന്നും ഇതുവരെയും അധികൃതർ സ്വീകരിച്ചിട്ടില്ല. മൂന്ന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ആശുപത്രി കെട്ടിട നിർമാണത്തിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ നിന്നും 2.11 കോടി രൂപയും എൻ.കെ. അക്ബർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 73 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നിലവിലെ കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി ആശുപത്രിയുടെ പ്രവർത്തനം മാറ്റാനും തീരുമാനിച്ചിരുന്നു.

അറ്റകുറ്റപ്പണി പൂർത്തിയായാൽ കിഴക്കേ നടയിലെ നഗരസഭയുടെ അമ്പാടി കെട്ടിടത്തിലേയ്ക്ക് ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി മാറ്റും. ഇതിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. അടുത്ത ദിവസം തന്നെ പണി തുടങ്ങും.ആശുപത്രിയുടെ പ്രവർത്തനം മാറ്റിയതിന് ശേഷമേ നിലവിലെ ആശുപത്രി കെട്ടിടം പൊളിക്കുന്നതിനും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുമുള്ള നടപടികൾ ആരംഭിക്കാൻ കഴിയുകയുള്ളു.
എ.എസ് മനോജ്, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

പ​തി​റ്റാ​ണ്ടു​ക​ളു​ടെ​ ​പ​ഴ​ക്ക​ം

തൃശൂർ നഗരം കഴിഞ്ഞാൽ ജില്ലയിൽ കിടത്തി ചികിത്സയുള്ള ഏക ആയുർവേദ ആശുപത്രിയാണ് ഗുരുവായൂരിലുള്ളത്.
നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. കിടത്തി ചികിത്സക്കായി 30 കിടക്കകളുണ്ട്. എട്ട് പേ വാർഡും അതോടൊപ്പം ലാബ് സൗകര്യവുമുണ്ട്. ഒരു മർമ്മ സ്‌പെഷ്യലിസ്റ്റ് ഉൾപ്പെടെ അഞ്ച് ഡോക്ടന്മാരും പാരാമെഡിക്കൽ സ്റ്റാഫും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ദൂരദിക്കിൽ നിന്നും രോഗികൾ ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. ആശുപത്രി നവീകരണ പ്രവർത്തികൾ പൂർത്തിയായാൽ തീരദേശ മേഖലയിലെ ജനങ്ങൾക്ക് കൂടി വളരെ ആശ്വാസകരമാകും.