കൊടുങ്ങല്ലൂർ : കാന നിർമ്മാണത്തിനായി ദേശീയപാതയിൽ റോഡ് പൊളിച്ചതുമൂലം റേഷൻ ഗോഡൗണിൽ നിന്നുള്ള ചരക്ക് നീക്കം നിലച്ചു. കോട്ടപ്പുറം ചാലക്കുളം കായലോരത്തുള്ള റേഷൻ ഗോഡൗണിലേക്കുള്ള ഗതാഗതമാണ് തടസപ്പെട്ടത്. ഇതുമൂലം മേത്തല സോണിലെ 27 റേഷൻ കടകളിലേക്കുള്ള റേഷൻ വസ്തുക്കളുടെ വിതരണം അനിശ്ചിതത്വത്തിലായി. പകരം പാലത്തിനടിയിലൂടെ പോകാൻ ദേശീയപാത കരാറുകാരൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ടും ചെളിയും മൂലം പോകാൻ കഴിയില്ലെന്ന നിലപാടാണ് വാഹനം ഓടിക്കുന്നവരുടേത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒടുവിലായി ഇവിടെ നിന്നും ചരക്ക് നീക്കം നടന്നത്. ഗോഡൗണിൽ റേഷൻ വസ്തുക്കൾ സ്റ്റോക്ക് ഉണ്ടെങ്കിലും വാതിൽപ്പടി വിതരണം നടത്തുന്ന കരാർ വാഹനങ്ങളാണ് ഗോഡൗണിലേക്ക് കടക്കാൻ കൂട്ടാക്കാത്തത്. മേയ് മാസത്തേക്കുള്ളത് റേഷൻ കടകളിൽ നേരത്തെ ഇറക്കിയിരുന്നതിനാൽ ഈ മാസം ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇരുപത്തിയേഴ് റേഷൻ കടകളിൽ ഏഴെണ്ണത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ജൂണിലേക്കുള്ള റേഷൻ വസ്തുക്കൾ ഇറക്കിയിരുന്നു. ശേഷിക്കുന്ന ഇരുപത് കടകളിലാകും റേഷൻ വസ്തുക്കൾക്ക് ക്ഷാമം നേരിടുക. റോഡ് ശരിയായാൽ രണ്ട് മൂന്ന് ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് കഴിഞ്ഞില്ലെങ്കിൽ മറ്റ് സംവിധാനങ്ങളിലൂടെ റേഷൻ കടകളിൽ റേഷൻ വസ്തുക്കൾ ഉടനെയെത്തിക്കും. റേഷൻ കടകളിൽ വിതരണത്തിനുള്ള ഭക്ഷണ സാധനം മുടങ്ങിയത് അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

നാഷണൽ ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ കൊടുങ്ങല്ലൂരിലെ ഗതാഗത കുരുക്കിൽ നിന്നും പുറമേ റേഷൻ വിതരണവും മുടങ്ങി. ഈ വിഷയത്തിൽ കളക്ടർ ഇടപെട്ട് അടിയന്തരമായി പരിഹരിക്കണം

ഇ.എസ്.സാബു

കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്