തൃശൂർ: കുരിയച്ചിറ മാലിന്യ പ്ലാന്റിൽ പുതിയ മാലിന്യ സംസ്‌കരണ യന്ത്രം ഇറക്കുന്നത് ഡിവിഷൻ കൗൺസിലർ സിന്ധു ചാക്കോളയും ആക്ഷൻ കൗൺസിൽ അംഗങ്ങളും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഭരണപക്ഷാംഗമായ വർഗീസ് കണ്ടംകുളത്തിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് മെഷീൻ കുരിയച്ചിറയിൽ കൊണ്ടുവന്നത്. വൻ പൊലിസ് സന്നാഹവുമുണ്ടായിരുന്നു. യന്ത്രം ഇറക്കാൻ സമ്മതിക്കില്ലെന്ന ശക്തമായ നിലപാട് നാട്ടുകാരെടുത്തു.
ഇതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ മേയറുടെ ചേംബറിൽ ചർച്ച നടത്തിയ ശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ അറിയിച്ചു. മാലിന്യ സംസ്‌കരണം കൃത്യമായി നടക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയാലേ യന്ത്രം സ്ഥാപിക്കാൻ സമ്മതിക്കൂവെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ നിലപാടെടുത്തു. ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ ആവശ്യത്തിന് മുന്നിൽ മേയറും ഭരണസമിതിയും വഴങ്ങി. ഒടുവിൽ മേയർ സ്ഥലത്ത് എത്തി പ്രദേശവാസികൾക്ക് ദോഷകരമായി ബാധിക്കുന്ന ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് നൽകി.