വടക്കാഞ്ചേരി: കാടുകയറിയും മാലിന്യം തള്ളിയും നശിച്ച എങ്കക്കാട് പൊതുശ്മശാനം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ശ്മശാനം പ്രവർത്തിക്കുന്നതിനു പകരം നഗരസഭയിലെ 41 ഡിവിഷനുകളിൽ നിന്നും ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ പൊതു ശ്മശാനത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു. വാർത്തയെത്തുടർന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ സന്ദർശനം. അധികൃതർ ഇടപ്പെട്ട് മാലിന്യം നീക്കം ചെയ്ത് ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് 46 ലക്ഷം രൂപ ചിലവിട്ട് ആധുനിക രീതിയിൽ നിർമ്മിച്ച ഗ്യാസ് ക്രിമറ്റോറിയമാണ് ഉപയോഗ ശൂല്യമായി കിടക്കുന്നത്. യു.ഡി.എഫ്.സംസ്ഥാന സർക്കാരിന്റെ 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 8 ലക്ഷം രൂപയും വടക്കാഞ്ചേരി പഞ്ചായത്ത് 18 ലക്ഷം രൂപയുമായി മൊത്തം 46 ലക്ഷം രൂപ ചിലവിട്ടാണ് കഴിഞ്ഞ യു.ഡി.എഫ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിന്ധു സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിർമ്മാണം പൂർത്തികരിച്ചത്. ശ്മശാന നിർമ്മാണ ചുമതല പൂർണമായും കോസ്റ്റ് ഫെഡിനായിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി, മുണ്ടത്തികോട് പഞ്ചായത്തുകൾ യോജിപ്പിച്ച് നഗരസഭയാക്കുകയും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിൽ എത്തുകയും ചെയ്തതോടെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മാണമായതിനാൽ എൽ.ഡി.എഫ്. ഭരണ സമിതി തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപെടുത്തി. നഗരസഭയുടെ നേതൃത്വത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ച് ശ്മശാനത്തിലേക്കുള്ള വഴി ടൈൽസ് വിരിച്ച് വൃത്തിയാക്കിയെങ്കിലും പിന്നീട് അത് പൊളിച്ചു നീക്കുകയും ചെയ്തു. നഗരസഭയിലെ പാവപ്പെട്ടവർക്ക് മൃതദേഹം ദൂരെ സ്ഥലങ്ങളിൽ കൊണ്ടുപോകാതെ ഓട്ടുപാറ-വാഴാനി റോഡിലുള്ള എങ്കക്കാട് പൊതുശ്്മശാനത്തിലെത്തിച്ച് ചുരുങ്ങിയ നിരക്കിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ സംസ്‌കരിക്കാനാണ് പദ്ധതി നടപ്പിലാക്കിയത്. വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ മെഷിനറികൾ കൊണ്ടുവന്ന് പ്രവർത്തനം ആരംഭിക്കാൻ നഗരസഭ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് , നഗരസഭാ പ്രതിപക്ഷ ഉപനേതാവ് എസ്.എ.എ. അസാദ്, കേരള പ്രദേശ് കോൺഗ്രസ് സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി ജോണി ചിറ്റിലപ്പിള്ളി, പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗോപാലകൃഷ്ണൻ നന്തിലേത്ത് , കെ.കെ. അബുബക്കർ, നേതാക്കളായ ജയൻ മംഗലം, പി.എസ്. രാധാകൃഷ്ണൻ തുടങ്ങിയവരാണ് ശ്മശാനം സന്ദർശിച്ചത്.
ശ്മശാനവുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഉടൻ അധികൃതർ ഇടപ്പെട്ട് മാലിന്യം നീക്കം ചെയ്ത് ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് സംഘടിപ്പിക്കും.
- കോൺഗ്രസ്