പനങ്ങാട് ഹൈസ്‌കൂളിൽ 1975 ലെ എസ്.എസ്.എൽ.സി ബാച്ച് അക്കാലത്തെ അദ്ധ്യാപകരോടൊപ്പം ഒത്തുകൂട്ടിയപ്പോൾ.
കൊടുങ്ങല്ലൂർ : 48 വർഷങ്ങൾക്ക് ശേഷം 1975 ബാച്ച് പത്താംക്ലാസുകാരായി വീണ്ടും അവർ ഒത്തുചേർന്നു. പനങ്ങാട് ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളാണ് അക്കാലത്തെ അദ്ധ്യാപകരോടൊപ്പം ഒത്തുകൂട്ടിയത്. കൂടുതൽ പേരും 1975ൽ സ്‌കൂൾ വിട്ട ശേഷം ആദ്യമായി കാണുകയായിരുന്നു. 'ഒരുവട്ടം കൂടി' എന്ന് പേരിട്ടാണ് എൺപതോളം പൂർവവിദ്യാർത്ഥികൾ പൂർവകാല സ്മരണകൾ പങ്കുവച്ചത്. അന്ന് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ നൃത്തങ്ങൾ അവതരിപ്പിച്ചിരുന്ന വിദ്യാർത്ഥിനികൾ ലാസ്യഭംഗിയോടെ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചത് കണ്ട് സഹപാഠികൾ അമ്പരന്നുപോയി. ഇപ്പോൾ ചലച്ചിത്രതാരം കൂടിയായ ഗ്രൂപ്പ് അംഗം ഇന്ദിരാ പ്രസാദ് പത്താം ക്ലാസിൽ പഠിച്ച പദ്യം ചൊല്ലി കയ്യടി നേടി. ഗ്രൂപ്പ് അംഗങ്ങളുടെ കാവ്യാലാപനവും സംഗീതവിരുന്നും സദസ്സിനെ രസിപ്പിച്ചു. സംഗമത്തിൽ പങ്കെടുത്ത അദ്ധ്യാപകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കാനഡ, സൗദി അറേബ്യ, മുംബയ്, ചെന്നൈ, ബാംഗ്ലൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കാൻ മാത്രമായെത്തി. സോമസുന്ദരൻ, സന്തോഷ്, യു.എസ്. മോഹനൻ, അശോകൻ മാഷ്, പി.ബി. മോഹനൻ തുടങ്ങിയവർ ഒത്തുചേരലിന് നേതൃത്വം നൽകി.