തൃശൂർ : പരിമിതിക്കുള്ളിലും ജീവൻരക്ഷാ പ്രവർത്തനത്തിൽ വ്യാപൃതരായി അഗ്‌നിശമന സേനാ വിഭാഗം. ഈ മാസം ഓടിയെത്തിയത് നൂറോളം സ്ഥലങ്ങളിൽ. കഴിഞ്ഞ രണ്ടര മാസം തീപിടിത്തമായിരുന്നെങ്കിൽ മേയ് അവസാനത്തോടെ മഴക്കെടുതിയിലാണ് നട്ടം തിരിഞ്ഞത്. 58 ജീവനക്കാരാണ് അത്യാഹിത സന്ദർഭങ്ങളിൽ അവധി പോലും എടുക്കാതെ ജോലി ചെയ്യുന്നത്. ആറ് യൂണിറ്റാണ് തൃശൂർ ഫയർഫോഴ്‌സിനുള്ളത്. ഇതിൽ തീയണയ്ക്കാൻ രണ്ടെണ്ണവും 12,000 ലിറ്റർ വെള്ളം കൊള്ളുന്ന വാഹനവും സ്‌കൂബാ വിഭാഗത്തിന്റെ വാഹനവുമാണുള്ളത്. മേയ് 15 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ മാത്രം 30 സ്ഥലങ്ങളിലാണ് ഫയർഫോഴ്‌സ് സംഘം രക്ഷയ്‌ക്കെത്തിയത്. നഗരത്തിൽ പ്രളയസമാനമായ സാഹചര്യം വന്നപ്പോഴും രക്ഷാദൂതുമായെത്തി.
പ്രധാനം മരം മുറി
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വിവിധ സ്ഥലങ്ങളിലാണ് മരം വീണത്. എല്ലാ സ്ഥലങ്ങളിലും കൂറ്റൻ മരങ്ങളാണ് നിലംപതിച്ചത്. ഇവിടെയെല്ലാമെത്തി മണിക്കൂറുകൾ പണിപ്പെട്ടാണ് മരം മുറിച്ച് ഗതാഗതം പുന:സ്ഥാപിച്ചത്. മരം മുറിക്കാനും തടസം നീക്കാനും എമർജൻസി റെസ്‌ക്യൂ വെഹിക്കിൾ ഒന്ന് മാത്രമാണുള്ളത്. നഗരത്തിൽ ശക്തമായ മഴ പെയ്ത ദിവസം വെള്ളക്കെട്ടിലമർന്ന അന്ന് തന്നെയാണ് പൂങ്കുന്നത്ത് കാറിന് തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട മഴ നഗരത്തെ വെള്ളക്കെട്ടിലാക്കി. രാത്രി എട്ടോടെ വടക്കേച്ചിറയിലെ ഫ്‌ളാറ്റുകളുടെ ബേസ്‌മെന്റുകളിൽ വെള്ളം കയറിയെന്ന സന്ദേശമെത്തി.
ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്തു മാറ്റേണ്ടിവന്നു. ഇതിനിടെ ചക്കാമുക്ക് മറവഞ്ചേരി ലൈനിലുള്ള വീടിന്റെ മുകളിലേക്ക് തെങ്ങുവീണെന്ന സന്ദേശമെത്തി. തൊട്ടടുത്ത വീട്ടിലെ തെങ്ങാണ് വൃദ്ധർ താമസിക്കുന്ന വീടിന്റെ മുകളിലേക്ക് വീണത്. വ്യാഴാഴ്ച പുലർച്ചെ ചേർപ്പ് ചൊവ്വൂരിൽ മരക്കമ്പനി കത്തിയെന്ന സന്ദേശമെത്തി. തൃശൂരിന് പുറമേ, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. തിരിച്ചെത്തി വിശ്രമിക്കും മുമ്പേ ചേറ്റുപുഴ റോഡിൽ മാവ് കടപുഴകി വീണു. 11 കെ.വി ലൈനിന് മുകളിലേക്ക് വീണത് വൻ അപകടസാദ്ധ്യത ഉയർത്തി. വെള്ളിയാഴ്ച രാവിലെ ജനറൽ ആശുപത്രിക്ക് സമീപം മരം വീണു. തിരക്കേറിയ റോഡിലാണ് മരം വീണത്. ഇത്തരത്തിൽ കാലവർഷത്തിലും പിടിപ്പത് പണിയാണ് സേനയ്ക്ക്.
തൃശൂരിലെ സേന ഒറ്റനോട്ടത്തിൽ
58 ജീവനക്കാർ
6 യൂണിറ്റ്
12,000 ലിറ്റർ വെള്ളം കൊള്ളുന്ന വാഹനം
സ്കൂബാ വിഭാഗം