അരിമ്പൂർ: കോൾ മേഖലയിലെ ബണ്ടുകൾ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കയർ ഭൂവസ്ത്രമണിഞ്ഞ് അരിമ്പൂർ കോൾപ്പാടങ്ങൾ. അരിമ്പൂർ പഞ്ചായത്തിൽ കയർഭൂവസ്ത്രം വിരിക്കുന്ന പ്രവർത്തികൾ ഏതാണ്ട് പൂർത്തിയായി. പഞ്ചായത്തിലെ ആകെയുള്ള 17 പടവുകളിൽ 13 എണ്ണത്തിലും കയർഭൂവസ്ത്രം വിരിച്ചു. ഇത് വഴി 150 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി ലഭ്യമായി. ആലപ്പുഴയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കയർ കോർപ്പറേഷനിൽ നിന്നാണ് കയർ ഭൂവസ്ത്രം പടവുകളിൽ എത്തിക്കുന്നത്. പുതിയതായി നിർമ്മിച്ച കോൾബണ്ടുകൾ ബലപ്പെടുത്തുകയാണ് ലക്ഷ്യം. കാലവർഷത്തിലും പാടത്ത് വെള്ളം ഉയർന്നാലും കയർഭൂവസ്ത്രം വിരിച്ച് ഉറപ്പിച്ച ബണ്ട് നശിക്കില്ല. കയർഭൂവസ്ത്രം വിരിക്കാൻ ആദ്യം മണ്ണടിച്ച് ബണ്ട് ബലപ്പെടുത്തിയ ശേഷം കയർഭൂവസ്ത്രം മുകളിൽ വിരിക്കും. മുളങ്കുറ്റികൾ കൊണ്ട് നിർമ്മിച്ച മുളയാണികൾ ഉപയോഗിച്ച് ഇവ വലിച്ചു കെട്ടി ഉറപ്പിക്കും. തുടർന്ന് ചെറിയ ചെടികൾ വച്ച് പിടിപ്പിച്ച് കയർഭൂവസ്ത്രത്തെ മണ്ണിലേക്ക് ഉറപ്പിക്കുന്നതാണ് രീതിയാണ് നടക്കുന്നത്. വെളുത്തൂർ മനക്കൊടി പടവിൽ 3 കിലോമീറ്ററോളം കെ.എൽ.ഡി.സിയുടെ ബണ്ട് റോഡാണ് കയർ ഭൂവസ്ത്രം വിരിക്കൽ പൂർത്തിയാകുന്നത്. രണ്ടു മാസമായി ഇവിടെ മാത്രം 50 ഓളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. തൊഴിലാളികളുടെ കൂലിയടക്കം 25 ലക്ഷമാണ് ചിലവ്. പഞ്ചായത്തിലെ തന്നെ കൈപ്പിള്ളി വെളുത്തൂർ അകംപാടത്തും സമാന രീതിയിൽ നിർമ്മാണം നടക്കുന്നുണ്ട്. 800 മീറ്ററാണ് ബണ്ട് റോഡിന്റെ നീളം. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിൽ നിന്നാണ് ഇതിനുള്ള തുക ചിലവഴിക്കുന്നത്.

ലക്ഷ്യം ബണ്ടുകൾ ബലപ്പെടുത്തൽ

13 ബണ്ട് റോഡുകളിൽ സുരക്ഷാ കവചം
150 തൊഴിലുറപ്പ് തൊഴിലാളികൾ
കയർ ഭൂവസ്ത്രം കയർ കോർപ്പറേഷനിൽ നിന്ന്‌