തൃശൂർ: കോവിലൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കോവിലൻ അനുസ്മരണം ജൂൺ രണ്ടിന് കണ്ടാണശ്ശേരിയിലും തൃശൂരിലുമായി നടക്കുമെന്ന് ഭാരവാഹികൾ. രാവിലെ ഒമ്പതിന് കണ്ടാണശ്ശേരിയിലെ കോവിലൻ കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. ഡോ. മോഹനവർമ രാജ മുഖ്യാതിഥിയാകും. ഡോ. ജോഷി തോമാസ് അനുസ്മരണ പ്രഭാഷണം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ സ്മരണാഞ്ജലിക്ക് തുടക്കം കുറിക്കും. കേന്ദ്രസാഹിത്യ അക്കാഡമി പ്രസിദ്ധീകരിക്കുന്ന കോവിലന്റെ ജീവചരിത്രത്തിന് ഉപാദാനങ്ങളായ കോവിലന്റെ കത്തുകൾ മനോഹരൻ വി. പേരകത്തിന് മാനേജിംഗ് ട്രസ്റ്റി എം.ജെ. പൗർണിമ കൈമാറും.
വൈകിട്ട് നാലിന് കേരള സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ കോവിലൻ ഓർമ പരിസ്ഥിതി സംസ്‌കാര പഠനങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്യും. ഡോ. ആർ. സുരേഷ് അദ്ധ്യക്ഷനാകും. ഡോ. എസ്.എസ്. ജയകുമാർ കോവിലന്റെ മണ്ണ് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കും 'ഡോ. പി. രഞ്ജിത്ത് സെമിനാറിൽ മോഡറേറ്ററാകും. വാർത്താസമ്മേളനത്തിൽ എ.ഡി. ആന്റു, പി.ജെ. സ്റ്റൈജു, ഡോ. ആർ. സുരേഷ് എന്നിവർ പങ്കെടുത്തു.