തൃശൂർ: കുടുംബശ്രീയുടെ 26-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കുടുംബശ്രീ കലോത്സവം 'അരങ്ങ് 2024 ' ഇന്നും നാളെയും ടൗൺഹാൾ, ജവഹർ ബാലഭവൻ, ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നടക്കുമെന്ന് കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. എ. കവിത അറിയിച്ചു. ഇന്ന് രാവിലെ 9.30ന് മോഹിനിയാട്ട നർത്തകൻ ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് കരിവള്ളൂർ മുരളിയുടെ ഞാൻ സ്ത്രീ, കന്യാദാനം എന്നീ കവിതകളുടെ ദൃശ്യാവിഷ്‌കാരം നടക്കും. മേയ് 30ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കളക്ടർ വി.ആർ. കൃഷ്ണ തേജ സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ നിർമ്മൽ, കെ.കെ. പ്രസാദ്, എ. സിജു കുമാർ, അദർശ് എന്നിവർ പങ്കെടുത്തു.
800 ഓളം പ്രതിഭകൾ
46 ഇനങ്ങളിലായി എണ്ണൂറോളം കുടുംബശ്രീ കലാകാരികൾ മേളയിൽ പങ്കെടുക്കും. ഏഴ് ബ്ലോക്ക് തല ക്ലസ്റ്ററുകളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവരാണ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അയൽക്കൂട്ടം, സി.ഡി.എസ്, ബ്ലോക്ക് ക്ലസ്റ്റർ മത്സരങ്ങൾ പൂർത്തിയായി. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അടുത്ത മാസം കാസർകോട് പിലിക്കോട് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
വേദികൾ
ടൗൺഹാൾ, ജവഹർ ബാലഭവൻ, ടെക്‌നിക്കൽ ഹൈസ്‌കൂൾ
ഇന്നത്തെ മത്സരങ്ങൾ
മോഹിനിയാട്ടം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, മാർഗം കളി, സംഘനൃത്തം, ഭരതനാട്യം, കേരള നടനം, ഫാൻസി ഡ്രസ്, മിമിക്രി, മോണോ ആക്ട്, സംഘഗാനം, നാടൻപാട്ട്, കവിതാ പാരായണം (മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, അറബിക്), പ്രസംഗം, കഥപ്രസംഗം, ലളിതഗാനം, ഓടക്കുഴൽ, വയലിൻ, മാപ്പിളപ്പാട്ട്.