തൃശൂർ: സംസ്ഥാന ഭവനനിർമാണ ബോർഡ് നിർമ്മിച്ച ഗവ. മെഡിക്കൽ കോളേജിലെ ആശ്വാസ് വാടകവീട് അടഞ്ഞുതന്നെ. നാലരമാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ വാടകവീട് മെഡിക്കൽ കോളേജിന് ഇതുവരെ കൈമാറിയിട്ടില്ല. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉൾപ്പെടെയുള്ള ദൂരസ്ഥലങ്ങളിൽനിന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുറഞ്ഞ ചെലവിൽ വാടകയ്ക്ക് താമസത്തിനാണ് കെട്ടിടം നിർമിച്ചത്.
എന്നാൽ അടഞ്ഞുകിടക്കുന്ന ഈ കെട്ടിടം സമൂഹവിരുദ്ധർ താവളമാണ്. വരാന്തകളും കെട്ടിടഭാഗങ്ങളും സമൂഹവിരുദ്ധർ തമ്പടിക്കുകയാണ്. ഉദ്ഘാടന സമയത്ത് പൂർത്തീകരിക്കാനുണ്ടായിരുന്ന ചെറിയ ജോലികളും ബാക്കിയാണ്. 53 സെന്റ് ഭൂമിയിൽ രണ്ടുനിലകളിലായി 11,730 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. ശൗചാലയത്തോടുകൂടിയ 27 മുറികളും 48 കിടക്കസൗകര്യമുള്ള ഡോർമെറ്ററിയും ടവർ റൂമും ഉൾപ്പെടുന്നതാണ് കെട്ടിടത്തിന്റെ സൗകര്യങ്ങൾ. കെട്ടിടം തുറക്കണമെങ്കിൽ എച്ച്.ഡി.എസിന് കൈമാറി ജീവനക്കാരെ നിയമിക്കണം. എന്നാൽ, ഉദ്ഘാടനം നടത്താനല്ലാതെ തുടർനടപടികൾക്ക് ആർക്കും താത്പര്യമുണ്ടായില്ല. കീമോ തെറപ്പി, റേഡിയേഷനും ഡയാലിസിസിനും എത്തുന്നവർ, ശസ്ത്രകിയയ്ക്കു വിധേയരാകുന്ന രോഗികളുടെ ബന്ധുക്കൾ തുടങ്ങിയവർക്ക് ആശ്വാസ് വാടകവീട് വളരെ ഉപയോഗപ്പെടും. എന്നാൽ വലിയ വാടക നൽകി സ്വകാര്യ ലോഡ്ജുകളിലാണ് താമസിക്കുന്നതെന്നാണ് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾ പറയുന്നത്.

ആശ്വാസമാകാത രോഗികൾ

53 സെന്റ് ഭൂമിയിൽ നിർമ്മാണം
11,730 ചതുരശ്രയടി വിസ്തീർണം
27 മുറികളും 48 കിടക്കസൗകര്യവും
4 കോടി രൂപ ചെലവ്‌