തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ വാണിയമ്പാറ, പീച്ചി, പട്ടിക്കാട് മേഖലകളിൽ മുപ്ലി വണ്ട് ശല്യം രൂക്ഷം. ചില കുടുംബങ്ങൾ താത്കാലികമായി വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്ക് താമസം മാറി. എല്ലാവർഷവും ശല്യം ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും രൂക്ഷമാകുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും മണ്ണെണ്ണ തളിക്കുകയും ചെയ്ത് ഇവയെ കൂട്ടത്തോടെ നശിപ്പിക്കുന്നുണ്ടെങ്കിലും എല്ലാദിവസവും രാത്രി കൂട്ടമായി എത്തുകയാണ്. കൊച്ചുകുട്ടികളുടെ ചെവിയിലും മൂക്കിലും കയറുന്നത് വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ഇവയുടെ ശരീരത്തിൽനിന്നുള്ള സ്രവം മനുഷ്യശരീരത്തിൽ തട്ടുമ്പോൾ പൊള്ളിയടർന്നതുപോലെ തൊലി പൊളളുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ പറഞ്ഞു. വനാതിർത്തി മേഖലകളിലും റബ്ബർ തോട്ടങ്ങളുടെ പരിസരങ്ങളിലുമാണ് ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്.