1

തൃശൂർ: 'അസാധാരണ'മായ കാലവർഷം തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുമ്പോഴും കുതിരാനിലെ ഒരു ടണലിന്റെ നിർമ്മാണം പൂർത്തിയായില്ല. ജൂൺ 15നകം നിർമ്മാണം പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, ജൂൺ കഴിഞ്ഞാലെങ്കിലും തുറക്കുമോയെന്നാണ് യാത്രക്കാരുടെ ചോദ്യം. അതേസമയം, ടണലിലെ സുരക്ഷാപ്രശ്‌നങ്ങൾ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തം.

ഒരാഴ്ചയ്ക്കുള്ളിൽ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ വൻ ഗതാഗതക്കുരുക്ക്, നിലവിൽ വാഹനങ്ങൾ കടന്നുപോകുന്ന ഒരു ടണലിൽ ഉണ്ടാകും. അപകടസാദ്ധ്യത ഒഴിവാക്കാൻ കരാർ കമ്പനി നടപടികളൊന്നും എടുത്തില്ലെന്ന ആരോപണവുമുണ്ട്. അതിനാൽ യാത്രക്കാർ ഭീതിയിലാണ്. വൈദ്യുതി തടസമുണ്ടായാൽ പകൽ പോലും ടണലിൽ ഇരുട്ടാകും. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ജനറേറ്റർ വേണമെന്നാണ് കരാർ. എന്നാൽ കമ്പനി അത് പാലിച്ചിട്ടില്ലെന്ന് പറയുന്നു. ടണലിൽ വെളിച്ചക്കുറവ് അനുഭവപ്പെടുന്നതും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്.

പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന ടണലാണ് അറ്റകുറ്റപ്പണിക്കായി അടച്ചത്. തൃശൂർ നിന്നും പാലക്കാട്ടേക്ക് പോകുന്ന വശത്തെ ടണലിലൂടെയാണ് ഇരു ദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ഒരു ടണലിൽ അപകടമുണ്ടായാൽ മറുവശത്തെ ടണൽ തുറക്കാനുള്ള രക്ഷാമാർഗമില്ല. ആ ടണൽ അടച്ചിട്ടിരിക്കുന്നതിനാലാണിത്. ടണലിൽ എപ്പോഴും ആംബുലൻസും ക്രെയിനും വേണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ലെന്നും പറയുന്നു. ടണലിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കഴിഞ്ഞയാഴ്ച കളക്ടർ വ്യക്തമാക്കിയിരുന്നു.


മഴയൊഴിഞ്ഞാൽ പൊടി

ഇരുദിശകളിലേക്കും ഗതാഗതം വന്നതോടെ, പൊടിയും പുകയും വലിച്ചെടുത്തുകളയാനുള്ള എക്‌സോസ്റ്റ് ഫാനുകൾ ഉപയോഗശൂന്യമായെന്നാണ് യാത്രക്കാരുടെ പരാതി. മഴയൊഴിഞ്ഞ സമയത്ത് പൊടിശല്യം രൂക്ഷമാണെന്നും പറയുന്നു. വാഹനങ്ങൾ കടന്നുപോകുന്ന പാതയ്ക്കു നടുവിൽ ചെളി കെട്ടിക്കിടക്കുന്നുമുണ്ട്. വഴുക്കലുള്ള റോഡിൽ വാഹനങ്ങൾക്ക് ബ്രേക്ക് കിട്ടുന്നുമില്ല.

സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കി ജൂൺ പതിനഞ്ചിനകം ടണൽ തുറന്നുകൊടുക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത്.

- കരാർ കമ്പനി പ്രതിനിധി


ദേശീയപാതയിലും ഇരുട്ട്

വെളിച്ചമില്ലാത്തതിന്റെ പ്രശ്‌നങ്ങൾ ദേശീയപാതയിലും തുടരുകയാണ്. സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളെല്ലാം ഇരുട്ടിലാണ്. കഴിഞ്ഞദിവസം മണ്ണുത്തി മേൽപാലത്തിന് മുകളിൽ ടാങ്കർ ലോറി ബാരിക്കേഡിൽ ഇടിച്ചു കയറിയിരുന്നു. പാലത്തിൽ അറ്റകുറ്റപ്പണിക്കായി ഒരു ഭാഗത്തേക്കുള്ള ഗതാഗതം അടച്ച് ഇരുഭാഗത്തേക്കും ഒരേ പാതയിലൂടെ വാഹനങ്ങൾ കടത്തി വിട്ടിരുന്നു. എന്നാൽ, വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട ഭാഗത്ത് സൂചനാ ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ലൈറ്റുകൾ സ്ഥാപിച്ചിരുന്നില്ല. ഈ ഭാഗത്തു തെരുവു വിളക്കുകൾ കത്താതിരുന്നതിനാൽ ലോറി നിയന്ത്രണം വിട്ടു ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പാലത്തിന്റെ ഇരുഭാഗത്തെ പ്രവേശന സ്ഥലങ്ങളിലും പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ സൂചനാ ബോർഡുകളില്ലെന്നാണ് നാട്ടുകാരുടെ പരാതി.