തൃശൂർ: കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ കോൺക്രീറ്റ് ചെയ്യുന്നതിൽ നിന്നും കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കോൺക്രീറ്റ് ഉപയോഗിച്ചുള്ള റോഡിന്റെ നിർമ്മാണം ബാക്കി നിൽക്കുന്ന പ്രദേശത്ത് മെക്കാഡം ടാറിംഗ് നടത്തുമെന്ന വാർത്തയും തികച്ചും തെറ്റാണെന്നും മന്ത്രി അറിയിച്ചു. റോഡിന്റെ നിർമ്മാണ ചുമതല നിർവഹിക്കുന്ന കെ.എസ്.ടി.പിയുടെ ഉന്നതതല ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാലയ്ക്കലിൽ ബാക്കി 200 മീറ്റർ റോഡിന്റെ നിർമ്മാണം കൂടി പൂർത്തിയാക്കി ഇരിങ്ങാലക്കുട മണ്ഡലത്തിലെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗതക്രമീകരണങ്ങളടക്കം ചർച്ച ചെയ്യാനായി തൃശൂർ കളക്ടറേറ്റിൽ ജൂൺ ഒന്നിന് യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.