1
കുളം നവീകരണം:സമീപ വാസികൾ അപകട ഭീഷിണിയിൽ .

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ പതിനാലാം ഡിവിഷനായ പരുത്തിപ്രയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കുളത്തിന്റെ പരിസര പ്രദേശങ്ങളിലെ വീടുകൾ അപകടാവസ്ഥയിലാണെന്ന് പരാതി. കുളത്തിലെ ചണ്ടി നീക്കി ചുറ്റും നടപ്പാത നിർമ്മിച്ച് മനോഹരമാക്കാനായിരുന്നു പദ്ധതി. എന്നാൽ കാലവർഷം തുടങ്ങിയതോടെ സമീപ പ്രദേശത്തുള്ള വീടുകളും മതിലുകളും ഇടിയുകയും പല വീടുകളും അപകട ഭീഷണി നേരിടുകയുമാണ്. കുളത്തിന് ചുറ്റുമുള്ള മണ്ണെടുത്ത് മാറ്റിയതാണ് വീടുകൾക്ക് ഭീഷണിയായത്. കുളത്തിനടുത്ത് അംഗൻവാടിയും സ്ഥിതി ചെയ്യുന്നുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് കുളത്തിന്റെ നവീകരണ പ്രവർത്തികൾ നടത്തുന്നത്. എന്നാൽ കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചതായി നാട്ടുകാർ പറയുന്നു.
കാലവർഷം ശക്തി പ്രാപിച്ചാൽ കുളത്തിന്റെ സമീപമുള്ള ഇരുനില വീടുകൾ ഏതു നിമിഷവും നിലം പൊത്തും. സി.എൻ. ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ വടക്കാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിന്ധു സുബ്രമണ്യൻ മുൻകൈ എടുത്താണ് കുളം നിർമ്മിച്ചത്. കുളിക്കാനും കുട്ടികൾക്കു നീന്തൽ പഠിക്കാനും ഉപയോഗിക്കുന്നതാണ് കുളം. വേനൽ കാലത്ത് പൂർത്തീകരിക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ കാലവർഷം വരുന്നതുവരെ നീട്ടി കൊണ്ടുപോയതാണ് സമീപ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. വടക്കാഞ്ചേരി നഗരസഭാ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.