കാട്ടൂർ : കാട്ടൂർ പൊഞ്ഞനത്തെ ചെറുകിട വ്യവസായ കേന്ദ്രത്തിന് സമീപം കിണറ്റിൽ രാസമാലിന്യം കലരുന്നതായി പരാതി. വ്യവസായ കേന്ദ്രത്തിൽ ആസിഡ് അടക്കമുള്ളവ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് മൂലമാണ് കിണറുകളിൽ മാലിന്യം കലരുതെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടൂർ സ്വദേശിയായ തെക്കേക്കര വിൻസെന്റിന്റെ വീട്ടിലെ കിണറിലാണ് മഴ ആരംഭിച്ചതോടെ നിറവിത്യാസം കണ്ടു തുടങ്ങിയത്. ഏകദേശം 50 ലധികം വർഷം പഴക്കമുള്ള കിണറാണ് കുടിവെള്ളത്തിന് മറ്റുമായി വിൻസെന്റും കുടുംബവും ഉപയോഗിക്കുന്നത്. വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടതോടെ നടത്തിയ ജല പരിശോധനയിൽ ജലത്തിൽ വേണ്ടതിന്റെ ഇരിട്ടിയോളം അയേണിന്റെ സാന്നിദ്ധ്യം വർദ്ധിച്ചതായും പി.എച്ച് അളവ് വളരെ കുറഞ്ഞിരിക്കുന്നതായും കണ്ടെത്തി.വെള്ളം ഉപയോഗശൂന്യമായതോടെ സമീപത്തെ മറ്റു വീടുകളിലെ ജലത്തെ ആശ്രയിച്ചാണ് വിൻസെന്റും കുടുംബവും കഴിയുന്നത്. രാസമാലിന്യം കലരുന്നതിൽ സമീപവാസികളും ആശങ്കയിലാണ്.
സമീപത്തെ വ്യവസായ സ്ഥാപനം രാസവസ്തുകൾ അനാവശ്യമായി കൈകാര്യം ചെയ്യുന്നത് മൂലമാണ് കിണർ ഉപയോഗ ശൂന്യമായത്. ഇത് സംബന്ധിച്ച് കാട്ടൂർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.
- വിൻസെന്റ്
(വീട്ടുടമ)
കിണറുകളിൽ രാസമാലിന്യം കലരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാട്ടൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് ഇത് സംബന്ധിച്ച പരാതി നൽകി. പൊലൂഷൻ കൺട്രോൾ വകുപ്പിന് ഉടൻ തന്നെ പരാതി നൽകും.
- മോളി പിയൂസ്.
(വാർഡ് മെമ്പർ)