malina-jalam
പുതുക്കാട് പഞ്ചായത്തിലെ വെള്ളകുഴിയില്‍ നിന്നുള്ള മലിനജലം കേളിതോട്ടിലൂടെ ഒഴുക്കുന്നു.

പുതുക്കാട്: നെന്മണിക്കര-പുതുക്കാട് പഞ്ചായത്ത് പ്രദേശങ്ങളിലെ വെള്ളക്കുഴികളിൽനിന്ന് മലിന ജലം മണലി പുഴയിലേയ്ക്ക് ഒഴുകുന്നു.
കളിമണ്ണും മണലും കുഴിച്ചെടുത്ത നെൽവയലുകളിലെ കുഴികളിൽ പുല്ലും പായലും ചീഞ്ഞളിഞ്ഞ് വെള്ളത്തിൽ കലർന്നാണ് പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഒരു കാലത്ത് വിശാലമായ പാടശേഖരങ്ങളായിരുന്നു ഈ പ്രദേശം. ഓട്ടുകമ്പനികളിലേക്ക് വ്യാപകമായി കളിമണ്ണ് കുഴിച്ചെടുത്തതോടെയാണ് നെൽവയലുകൾ ഇല്ലാതായതും കുഴികൾ രൂപപ്പെട്ടതും. കളിമൺ ഖനനം കൂടാതെ വ്യാപകമായി ഇഷ്ടിക നിർമ്മാണവും ഇവിടെ നടന്നിരുന്നു. മണ്ണ് കുഴിച്ച് ഭൂനിരപ്പിൽ നിന്നും മിറ്ററുകൾ താഴ്ന്നപ്പോൾ മണലായി മാറി. ഇവിടങ്ങളിൽനിന്ന് പിന്നീട് യന്ത്രസഹായത്താൽ മണലും എടുത്തു. തുടർന്ന് ഉപയോഗശൂന്യമായ കുഴികളിലാണ് പുല്ലും പായലും വേനൽകാലത്ത് കരിഞ്ഞുണങ്ങിയും വേനൽ മഴയിൽ ഇവ ചീഞ്ഞളിഞ്ഞും കുഴികൾ നിറഞ്ഞ് രൂക്ഷ ഗന്ധത്തോടെ ചാലുകളിലൂടെ പുഴയിലേക്ക് ഒഴുകുന്നത്. ചെറുതും വലുതുമായ നൂറുകണക്കിന് കുടിവെള്ള പദ്ധതികളിൽ പമ്പ് ചെയ്യുന്നത് പുഴയിലെ കിണറുകളിൽ നിന്നാണ്. അശാസ്ത്രീയമായ ഖനനം മൂലം നെൽവയലുകളും നെൽകൃഷിയും മാലിന്യ കുഴികളായി മാറിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.