ചാലക്കുടി: കനത്തമഴയിൽ അപ്രതീക്ഷിതമായി അതിരപ്പിള്ളി വെള്ളച്ചാട്ടം കനത്തു. ചൊവ്വാഴ്ച ഉച്ച മുതലാണ് വെള്ളം ഉയർന്നതും കാലവർഷത്തിന്റെ പ്രതീതിയുണ്ടായതും. നിറഞ്ഞൊഴുകിയ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കി. ഏതാനും ദിവസം മുമ്പ് തുടർച്ചയായി കനത്ത മഴ പെയ്‌തെങ്കിലും വെള്ളച്ചാട്ടം നേർത്ത നിലയിലായിരുന്നു. എന്നാൽ മലയിലെ ശക്തമായ മഴയിൽ തോടുകളിൽ നിന്നും കുലംകുത്തിയൊഴുകിയ വെള്ളമാണ് അതിരപ്പിള്ളിക്ക് അപ്രതീക്ഷിത രൗദ്രഭാവം ഒരുക്കിയത്. പുഴയുടെ മറുകരയിൽ ഊളാശേരി തോട്ടിൽ നിന്നും ഉരുൾപ്പൊട്ട് പോലുള്ള കുത്തൊഴുക്കും അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന മലയിൽ നിന്നും എത്തുന്നതാണ് തോട്. ചാർപ്പ തോടും ചൊവ്വാഴ്ച നിറഞ്ഞൊഴുകി. ഇതിന്റെ ഭാഗമായ ചാർപ്പ വെള്ളച്ചാട്ടവും കനത്തു. എന്നാൽ ഡാമുകളിൽ ഇനിയും കാര്യമായി വെള്ളം ഉയർന്നിട്ടില്ല.