thadayana
ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ടുകടവ് തടയണ നിറഞ്ഞൊഴുകുന്നു

ചാലക്കുടി: മലയിലെ കനത്ത മഴയിൽ ചാലക്കുടിപ്പുഴയിൽ വലിയ തോതിൽ ജലനിരപ്പുയർന്നു. മൂന്നടിയോളം വെള്ളമാണ് പെട്ടെന്ന് തന്നെ ഉയർന്നത്. സുരക്ഷയുടെ ഭാഗമായി പ്രധാന കടവുകളിൽ പൊലീസും ഫയർഫോഴ്‌സും മുന്നറിയിപ്പുമായെത്തി. പരിയാരം സി.എസ്.ആർ, കൂടപ്പുഴ ആറാട്ടുകടവ്, അന്നനാട് ആറങ്ങാലി തുടങ്ങിയ കടവുകളാണ് പ്രത്യേകം നിരീക്ഷിച്ചത്. വീണ്ടും വെള്ളം കൂടിയത് പരിയാരത്തെ സി.എസ്.ആർ കടവിനെ പ്രതിസന്ധിയാക്കി. ഇവിടെ തടയണയുടെ ഷട്ടർ മാറ്റാൻ കഴിയാത്തതിനാൽ കപ്പത്തോട്ടിൽ നിന്നും വെള്ളം കയറി കൃഷിയിങ്ങളെ ബാധിച്ചിരുന്നു. നൂറേക്കർ കൃഷിയിടമാണ് വെള്ളത്തിലായത്. പുഴയിലെ വെള്ളം താഴുമ്പോൾ തടയിണയിലെ ഷട്ടർ മാറ്റാനായിരുന്നു പഞ്ചായത്തിന്റെ നീക്കം ഇതിനിടെയാണ് അപ്രതീക്ഷിത വെള്ളം ഉയർന്നത്.