1

തൃശൂർ: കാർഷിക സർവകലാശാല ബിരുദദാന ചടങ്ങ് സി.പി.എം ആഭിമുഖ്യമുള്ള അക്കാഡമിക് കൗൺസിൽ അംഗങ്ങൾ ബഹിഷ്കരിച്ചു. വൈസ് ചാൻസലറുടെ അധികാര ദുർവിനിയോഗത്തിലും ഏകാധിപത്യ പ്രവണതകളിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉന്നതാധികാര സമിതിയായ ജനറൽ കൗൺസിലിന്റെ അംഗീകാരമില്ലാതെയായിരുന്നു ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ചട്ടപ്രകാരം ജനറൽ കൗൺസിൽ അനുമതി വാങ്ങിമാത്രമേ ബിരുദദാന നടപടികളിലേക്ക് കടക്കാനാകൂ. എന്നാൽ ഇതിന് വിരുദ്ധമായി പ്രവർത്തിച്ച വി.സിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അക്കാഡമിക് കൗൺസിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാലാണ് ജനറൽ കൗൺസിലിന്റെ അംഗീകാരം വാങ്ങാൻ കഴിയാതിരുന്നതെന്ന വി.സിയുടെ വാദം അവാസ്തവമാണ്. സാധാരണ ബിരുദദാന ചടങ്ങ് സർവകലാശാല ആസ്ഥാനമായ തൃശൂർ വെള്ളാനിക്കരയിലാണ് നടത്താറുള്ളത്. എന്നാൽ, ഇക്കുറി വേദി ഏകപക്ഷീയമായി തിരുവനന്തപുരം വെള്ളായനിയിലേക്ക് മാറ്റി. ഇതിന് സൗകര്യം ഒരുക്കാൻ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത തുകയ്ക്കൊപ്പം സർവകലാശാലയുടെ ഫണ്ടും ധൂർത്തടിക്കുകയാണ്.

നബാഡ് ചെയർമാന് ഹോണററി ഡോക്ടറേറ്റ് നൽകാൻ സംസ്ഥാനത്തെ ഒരു സർവകലാശാലയും സ്വീകരിക്കാത്ത മാർഗമാണ് അവലംബിച്ചത്. വിഷയത്തിൽ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഫലപ്രദമാകുന്നില്ലെന്നും ഇവർ പറഞ്ഞു. ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. പി.കെ. സുരേഷ്‌കുമാർ, എൻ. കൃഷ്ണദാസ്, എസ്. സമ്പത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ബിനു എൻ. കാമലോത്ഭവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

അക്കാഡമിക് കൗൺസിൽ വാദം

ജനറൽ കൗൺസിലിന്റെ അംഗീകാരമില്ലാതെയാണ് ബിരുദദാന ചടങ്ങ്

പെരുമാറ്റച്ചട്ടം മൂലം അംഗീകാരം വാങ്ങിയില്ലെന്ന വാദം അവാസ്തവം

വെള്ളായനിയിലേക്ക് ബിരുദദാന വേദി മാറ്റിയത് ഏകപക്ഷീയം

നബാഡ് ചെയർമാന് ഡോക്ടറേറ്റ് നൽകാൻ സ്വീകരിച്ച മാർഗം തെറ്റായത്