തൃപ്രയാർ: മണപ്പുറം സമീക്ഷയുടെ ഈ വർഷത്തെ പുരസ്‌കാരങ്ങൾ ജൂൺ രണ്ടിന് വിതരണം ചെയ്യും. വൈകിട്ട് മൂന്നിന് തളിക്കുളം ബ്‌ളൂമിംഗ് ബഡ്‌സ് സ്‌കൂളിലാണ് ചടങ്ങ്. കേരള സാഹിത്യ അക്കാഡമി ചെയർമാൻ കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. കവി പി. സലീംരാജ് അനുസ്മരണം പി.എൻ. ഗോപീകൃഷ്ണൻ നിർവഹിക്കും. രാമു കാര്യാട്ട് അവാർഡ് കഥാകാരൻ എം. മുകുന്ദനും കെ.വി. പീതാംബരൻ സ്മാരക പുരസ്‌കാരം മുൻമന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്കും സി.കെ.ജി വൈദ്യർ സ്മാരക പുരസ്‌കാരം ഷീബ അമീറിനും ചടങ്ങിൽ സമ്മാനിക്കും. കവി പി. സലിംരാജിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം കവി പി.എൻ. ഗോപീകൃഷ്ണന് നൽകും. എഴുത്തുകാരിൽ നിന്നും സാംസ്‌കാരിക പ്രവർത്തകരിൽ നിന്നുമുള്ള നോമിനേഷനുകളുടെ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചതെന്ന് മണപ്പുറം സമീക്ഷയുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വി.എൻ. രണദേവ്, ടി.എസ്. സുനിൽകുമാർ, സി.ജി. അജിത്കുമാർ, പി.എൻ. സുചിന്ദ്, വി.ആർ. പ്രഭ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.