കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ശ്രീനാരായണപുരത്ത് കല്ലുംപുറം പ്രദേശത്തെ നാട്ടുകാർ പൊരി ബസാറിൽ ദേശീയപാത നിർമ്മാണം തടയുന്നു.
കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണത്തിനിടെ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ശ്രീനാരായണപുരത്ത് കല്ലുംപുറം പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊരിബസാറിൽ ദേശീയപാത നിർമ്മാണം തടഞ്ഞു. ജെ.സി.ബി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഒരു മാസം മുമ്പ് പൊരി ബസാർ സെന്ററിൽ പൈപ്പ് പൊട്ടിയിരുന്നു. എന്നാൽ കരാർ കമ്പനിക്കാരൻ ഇതുവരെ പൈപ്പ് ശരിയാക്കാത്തതാണ് ജനരോഷത്തിന് കാരണമായത്. ശ്രീനാരായണപുരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിരന്തരമായ പ്രതിഷേധങ്ങളും പരാതികളും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയർന്നിട്ടും നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണ ജോലികൾ തടഞ്ഞത്.
സംഭവം അറിഞ്ഞെത്തിയ മതിലകം പൊലീസ് നാട്ടുകാരുമായും കരാറുകാരന്റെ പ്രതിനിധികളുമായി ചർച്ച നടത്തി. പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് എഴാം വാർഡ് മെമ്പർ പി.എ. നൗഷാദ്, സി.ഡി.എസ് ചെയർപേഴ്‌സൺ ആമിന അൻവർ, ഡി.വൈ.എഫ്.ഐ നേതാക്കളായ ജാസർ ഇക്ബാൽ, കെ.എച്ച്. ഷെഫീഖ്, പി.ആർ. രാജൂ, റഷീദ് പുതുവീട്ടിൽ, എം.എ. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവ്
ദേശീയപാത 66 ലെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പൈപ്പ് പൊട്ടൽ പതിവാണ്. ഇതുമൂലം നാലു മാസമായി കുടിവെള്ളം കിട്ടാത്ത വീടുകൾ ഈ പ്രദേശത്തുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെരിഞ്ഞനം, ശ്രീനാരായണപുരം പഞ്ചായത്തുകൾ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇ.ടി. ടൈസൺ എം.എൽ.എ ഇടപെട്ട് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്ത് പരിഹാരം കാണുകയായിരുന്നു. ദേശീയപാതയിലെ പൊട്ടിയ എല്ലാ പൈപ്പുകളുടെയും തകരാറുകൾ പരിഹരിക്കുമെന്ന് യോഗത്തിൽ നൽകിയ ഉറപ്പ് ഒന്നും പാലിക്കപ്പെട്ടില്ല.