തൃശൂർ: ശക്തൻ തമ്പുരാൻ നഗറിൽ ഒരു വർഷത്തിനകം സ്ഥാപിക്കുന്ന സി.എൻ.ജി പ്ലാന്റ് നിലവിൽ വരുന്നത് വരെ കുരിയച്ചിറയിലെ ഒ.ഡബ്ല്യു.യു.സി പ്ലാന്റ് പ്രവർത്തിപ്പിക്കുകയുള്ളെന്ന് തീരുമാനം. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ അദ്ധ്യക്ഷതയിൽ മേയർ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശക്തൻ തമ്പുരാൻ നഗറിൽ പുതിയ സി.എൻ.ജി പ്ലാന്റ് സ്ഥാപിക്കാനുള്ള എല്ലാ നടപടികൾ പൂർത്തിയാക്കും. ഒരു വർഷത്തിനകം പ്ലാന്റ് കമ്മീഷൻ ചെയ്യുമെന്നും അതോടെ കുരിയച്ചിറയിലെ പ്ലാന്റിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. ഒ.ഡബ്ല്യു.യു.സി പ്ലാന്റിനെതിരെയും ഈച്ച ശല്യത്തിനെതിരെയും ആക്ഷൻ കൗൺസിന്റെ നേതൃത്വത്തിൽ നടത്തി വന്ന സമരം ചർച്ച ചെയ്യാമെന്ന മേയർ നൽകിയ വാക്കിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി നിർത്തി വച്ചിരുന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിയിരുന്നത്. ആക്ഷൻ കൗൺസിലിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി മേയർ എം.എൽ.റോസി, സെക്രട്ടറി ഷിബു, വർഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ, ഡേവിസ് കൊച്ചുവീട്ടിൽ, കൺവീനർ ഡോ. ടോമി ഫ്രാൻസിസ്, അഡ്വ. രൺജിത്ത് സേവ്യർ ആട്ടോകാരൻ, ജോളി ജോൺ, സ്മൃതി വിനു, സ്‌നേഹപ്രഭ കെ.ആർ., ജോസ് മണി, എന്നിവർ പങ്കെടുത്തു.

കമ്മിറ്റി അംഗങ്ങൾക്കും നിയന്ത്രിക്കാം

നിലവിൽ കുരിയച്ചിറയിലെ പ്ലാന്റിലേക്ക് മാലിന്യം എടുത്തിരുന്ന ഡിവിഷനുകളിൽ നിന്ന് മാത്രമേ ഈ കാലയളവിലും പ്ലാന്റിലേക്ക് മാലിന്യം എത്തിക്കാവു. കുരിയച്ചിറ പ്ലാന്റിന്റെ പ്രവർത്തനം ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡിവിഷൻ കൗൺസിലർ സിന്ധുആന്റോ ചാക്കോള ചെയർമാനായ പ്രദേശവാസികൾ അടങ്ങുന്ന ഒരു കമ്മിറ്റി ആക്ഷൻ കൗൺസിൽ രൂപീകരിക്കണം.
കമ്മിറ്റിയിലെ അംഗങ്ങൾക്ക് കുരിയച്ചിറയിലെ പ്ലാന്റിലും അതിന്റെ പരിസരങ്ങളിലും എപ്പോൾ വേണമെങ്കിലും കയറാനും പരിശോധിക്കാനും വീഡിയോ, ഫോട്ടോ എന്നിവ എടുക്കാനും പ്ലാന്റിന്റെ പ്രവർത്തനത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകാനും തെറ്റുകളെ സംബന്ധിച്ച് അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനും അധികാരം ഉണ്ടായിരിക്കും.
തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനായി പ്രമേയങ്ങളുടെ കരട് കോർപ്പറേഷൻ തയ്യാറാക്കി ജില്ലാ കളക്ടർക്ക് അംഗീകാരത്തിനായി സമർപ്പിക്കണം.
കുരിയച്ചിറയിലുള്ള പ്ലാന്റ്, അറവുശാല, ക്രിമറ്റോറിയം, ആനിമൽ ക്രിമറ്റോറിയം, എം.സി.എഫ് തുടങ്ങിയ സ്ഥാപനങ്ങൾ മലീനികരണ നിയന്ത്രണ ബോർഡിന്റെ പരിശോധനക്ക് കാലാകാലങ്ങളിൽ വിധേയമാക്കേണ്ടതാണ്.